കരയുന്ന ശിശുക്കളുടെയും സ്ത്രീകളുടെയും ഓഡിയോ റെക്കോർഡിംഗുകൾ പ്ലേ ചെയ്ത് ഫലസ്തീനികളെ ഇല്ലാതാക്കാൻ പുതിയ തന്ത്രം
ഫലസ്തീനികളെ ലക്ഷ്യമിടാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് ആകർഷിക്കാൻ, കരയുന്ന ശിശുക്കളുടെയും സ്ത്രീകളുടെയും ഓഡിയോ റെക്കോർഡിംഗുകൾ പ്ലേ ചെയ്യുന്ന വിചിത്രമായ ഒരു പുതിയ തന്ത്രമാണ് ഇസ്രായേലി ക്വാഡ്‌കോപ്റ്ററുകൾ ഇപ്പോൾ പ്രയോഗിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നു. ഇസ്രയേൽ സേനയുടെ ക്വാഡ് കോപ്റ്റർ ഡ്രോണുകൾ കുട്ടികളുടേതും സ്ത്രീകളുടേതും ഉൾപ്പെടെയുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന വിവരം പുറത്ത് വന്നതിനു പിന്നാലെ ഗാസയിലെ നുസൈറത്തിലേക്ക് നേരിട്ട് പോയ തന്നോട് അവിടെ കണ്ട പലസ്തീനികളിൽ പലരും ഇതേ അനുഭവം തന്നെ പറഞ്ഞതായി
മാഹാ ഹുസൈനി പറഞ്ഞു. ആശുപത്രികളുടെ രേഖകളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വെടിയേറ്റ നിരവധിപ്പേരുടെ അനുഭവങ്ങളുണ്ടെന്നും വെടിവെച്ച് കൊല്ലാൻ ആളുകളെ കണ്ടെത്തിയിരുന്നത് ഇത്തരത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.
അമ്മയെ വേണമെന്ന് പറഞ്ഞ് നിലവിളിക്കുന്ന കുഞ്ഞിന്റെ ശബ്ദമോ സഹായത്തിനായി നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദമോ കേട്ട് പുറത്തിറങ്ങിയതായി ഗാസയിലും ഖാൻ യൂനിസിലും വെസ്റ്റ് ബാങ്കിലുമുള്ള പല പ്രദേശങ്ങളിലെയും ആളുകൾ പറഞ്ഞു. ഒപ്പം പലസ്തീനികൾ എതിർത്താൽ കൊല്ലുമെന്നത് ഉൾപ്പെടെയുള്ള ഭീഷണികളും ഇങ്ങനെ ഡ്രോണുകളിലൂടെ കേൾപ്പിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേൽ ഗാസയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ക്വാഡ് കോപ്റ്റർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
ആളുകളെ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഒരുപോലെ ഇത് ഇസ്രയേൽ സൈന്യം ഉപയോഗിച്ചു. ഗാസയിലെ അൽ റഷീദ് സ്ട്രീറ്റിൽ ഭക്ഷണം ശേഖരിക്കാനായി ഒത്തുകൂടിയ നൂറുകണക്കിന് പേർക്ക് നേരെ ജനുവരിയിൽ ഡ്രോണുകൾ വെടിയുതിർത്തിരുന്നു. അറബിക്, ഹീബ്രു ഭാഷകളിലുള്ള പാട്ടുകളും ടാങ്കുകൾ ഓടുന്നതിന്റെ ശബ്ദവും സാധനങ്ങൾ വിൽക്കാൻ എത്തുന്ന കച്ചവടക്കാരുടെ ശബ്ദവുമെല്ലാം ഇത്തരത്തിഷ ഡ്രോണുകളിൽ ഉപയോഗിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിലെ പലസ്തീൻ പോരാളികൾക്കും സാധാരണക്കാർക്കുമെതിരെ വ്യാപകമായി ഉപയോഗിക്കുന്ന റിമോട്ട് നിയന്ത്രിത ഡ്രോണുകളാണ് ക്വാഡ്‌കോപ്റ്ററുകൾ. ഈ സാങ്കേതികവിദ്യ ക്രമേണ ഗ്രൗണ്ട് ട്രൂപ്പുകളെ മാറ്റിസ്ഥാപിക്കുന്നു, ടാർഗെറ്റ് ഐഡൻ്റിഫിക്കേഷൻ, വ്യക്തിഗത ടാർഗെറ്റിംഗ്, ഇസ്രായേൽ സൈനികർ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ എന്നിവ സുരക്ഷിതമാക്കാൻ സഹായിക്കുന്നു. കൂടാതെ, ക്വാഡ്‌കോപ്റ്ററുകൾക്ക് ഫോർവേഡ് പൊസിഷനുകൾ പരിശോധിക്കാനും താമസസ്ഥലങ്ങളിലെ വ്യക്തികളെ ടാർഗെറ്റുചെയ്യാനും പൊതു ഇടങ്ങളിൽ ജനക്കൂട്ടത്തെ ചിതറിക്കാനും കഴിയും.
സഹായ ട്രക്കുകളുടെ വരവിനായി കാത്തിരിക്കുന്ന നൂറുകണക്കിന് വ്യക്തികൾക്ക് നേരെ ക്വാഡ്‌കോപ്റ്ററുകൾ ജനുവരി 11-ന് വെടിയുതിർക്കുകയായിരുന്നു. അതിനിടെ യുദ്ധാനന്തരം ഗസ്സയിൽ സംയുക്ത ഭരണത്തിന് ഹമാസും ഫത്തഹും തമ്മിൽ ധാരണയായതായി റിപ്പോർട്ട് പുറത്ത് വന്നു. ഭരണനിർവഹണത്തിനായി സംയുക്ത സമിതിയെ നിയമിക്കും. ഈജിപ്ത് ആണു നിർദേശം മുന്നോട്ടുവച്ചത്. കെയ്‌റോയിൽ പലവട്ടം നടന്ന ചർച്ചകൾക്കൊടുവിലാണ് ഇന്ന് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്. ഹമാസ്-ഫത്തഹ് നേതാക്കളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമമായ 'ഹാരെറ്റ്‌സ്' ആണ് വാർത്ത പുറത്തുവിട്ടത്. 'കമ്യൂണൽ സപ്പോർട്ട് കമ്മിറ്റി' എന്ന പേരിലാകും സംയുക്ത ഭരണസമിതി അറിയപ്പെടുക. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഔദ്യോഗിക ഉത്തരവിലൂടെയാകും സമിതി നിലവിൽ വരിക. ഭരണ-സാമ്പത്തിക-നിയമ വിഷയങ്ങളിലെല്ലാം ഫലസ്തീൻ അതോറിറ്റിയുടെ മേല്‍നോട്ടലാകും പ്രവര്‍ത്തനം.
അതേസമയം, ഗസ്സയുടെ പുനർനിർമാണം, പൊതുകാര്യങ്ങൾ, മാനുഷിക സഹായങ്ങളുടെ വിതരണം ഉൾപ്പെടെയുള്ളവയാണ് സപ്പോർട്ട് കമ്മിറ്റി നേരിട്ടു കൈകാര്യം ചെയ്യുക. ഈജിപ്തിനോട് ചേർന്ന റഫാ അതിർത്തിയും സമിതിയുടെ മേൽനോട്ടത്തിലായിരിക്കും. കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ റാമല്ലയിലെത്തി മഹ്മൂദ് അബ്ബാസുമായി ചർച്ച ചെയ്യുമെന്ന് ഒരു ഫത്തഹ് വൃത്തം സൗദി മാധ്യമം 'അശ്ശർഖി'നോട് പറഞ്ഞു. നീക്കത്തിന് അബ്ബാസ് നേരത്തെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഇദ്ദേഹം സൂചിപ്പിച്ചു. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ വഴിയൊരുക്കുമെന്നതുകൊണ്ടാണ് നിർദേശം അംഗീകരിച്ചതെന്നാണ് ഒരു ഹമാസ് വൃത്തം പ്രതികരിച്ചത്.
അതേസമയം, ഹമാസ്-ഫത്തഹ് നീക്കത്തെ ഇസ്രായേൽ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്. യുദ്ധാനന്തരം ഗസ്സയിൽ ഫലസ്തീൻ അതോറിറ്റി ഇടപെടുന്നത് ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിർക്കുന്നുണ്ട്. ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്കായി ഒരു ഈജിപ്ത് ദൗത്യസംഘം കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേലിലെത്തിയിരുന്നു. ഒരു മാസം മുതൽ രണ്ടു മാസം വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തലാണ് സംഘം മുന്നോട്ടുവച്ചത്. ഇതിനിടയിൽ ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കും. പ്രായമായവർക്കും ആരോഗ്യപരമായി ഗുരുതരാവസ്ഥയിലുള്ളവർക്കുമായിരിക്കും മുൻഗണന നൽകുകയെന്നും ഇവർ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha