ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണം... വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം..അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം...
സിറിയയിൽ രാജ്യത്തിനകത്ത് തന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിൽ ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം.ഓരോ ദിവസം കഴിയും തോറും സ്ഥിതിഗതികൾ കൂടുതൽ വഷളായി കൊണ്ട് ഇരിക്കുകയാണ് . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം.
അതിന് കഴിയാത്തവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in എന്ന ഇമൈയിലിലും ഡമാസ്കസിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം.സിറിയയിൽ ബഷാർ അൽ അസദ് സർക്കാരും വിമതരും തമ്മിൽ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിൽ ഉള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വടക്കൻ സിറിയയിൽ നടക്കുന്ന ആഭ്യന്തര കലാപം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സിറിയയിലെ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ജയ്സ്വാൾ വ്യക്തമാക്കി.റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയൻ സർക്കാരിനെതിരെ താഴെയിറക്കാൻ ലക്ഷ്യമിട്ട് തുർക്കിയുടെ പിന്തുണയോടെയാണ് വിമതർ പോരാട്ടം തുടരുന്നത്.
നവംബർ 27 മുതൽ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 14 വർഷമായി ആഭ്യന്തരയുദ്ധത്തിലാണ് സിറിയ.സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ എതിർക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതൃത്വത്തിലുള്ള വിമതർ രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹുംസിനടുത്തെത്തി.
https://www.facebook.com/Malayalivartha