സമാധാനം അകലെ... വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി തുര്‍ക്കി
അട്ടിമറിക്കും ആഘോഷത്തിനുമൊടുവില്‍ നീറിപ്പുകയുന്ന സിറിയയില്‍ വീണ്ടും സംഘര്‍ഷം. വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ഹെലികോപ്റ്ററുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബഷാര്‍ അല്‍-അസദിനെ പുറത്താക്കിയ ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഡമാസ്‌കസിലെ ഗവേഷണ കേന്ദ്രം, എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി. അതേസമയം, വിമതസഖ്യം പിടിച്ചെടുത്ത സിറിയയിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹം. അസദ് കുടുംബാധിപത്യകാലത്തും 13 വര്‍ഷം നീണ്ട വിമത പോരാട്ടകാലത്തും സിറിയയില്‍നിന്നു പലായനം ചെയ്തത് ലക്ഷക്കണക്കിനാളുകളാണ്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഇടം നല്‍കിയത് തുര്‍ക്കിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി ഇതോടെ തുര്‍ക്കി മാറി.
പുതിയ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്കു തിരിച്ചെത്താനായി തുര്‍ക്കിസിറിയന്‍ അതിര്‍ത്തിയിലെത്തി കാത്തുനില്‍ക്കുകയാണ് ആയിരക്കണക്കിന് അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞതോടെ സാമ്പത്തിക സാമൂഹിക പ്രതിസന്ധിയിലായ തുര്‍ക്കി അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കുന്നു. അതേസമയം, വിമതസഖ്യത്തിന്റെ തുടര്‍നടപടികള്‍ ഭയന്ന് സിറിയ വിടുന്നവരുമുണ്ട്.
സിറിയന്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമാണെന്നും മന്ത്രിമാര്‍ ഓഫിസുകളിലുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലി അറിയിച്ചു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദും ഭരണത്തിലെ പ്രമുഖരുമെല്ലാം നാടുവിട്ടെങ്കിലും അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി, വിമതനേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയെ കാണാന്‍ തയാറാണെന്നു പ്രഖ്യാപിച്ചു. ഇടക്കാല ഭരണസംവിധാനം രൂപീകരിച്ചു.
അതേസമയം ജനജീവിതം തല്‍ക്കാലം സാധാരണനിലയിലേക്ക് നീങ്ങിതുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളും മിക്ക കടകളും അടഞ്ഞുകിടക്കുകയാണെങ്കിലും ഭക്ഷ്യോല്‍പന്ന വില്‍പനശാലകളുടെ മുന്നില്‍ ആളുകള്‍ നിരന്നു. ചിലയിടങ്ങളില്‍ ആയുധധാരികളായ വിമതസംഘം നിലയുറപ്പിച്ചിട്ടുമുണ്ട്. പൗരന്മാര്‍ ഏതു മതവിഭാഗത്തില്‍പെട്ടവരായാലും അവര്‍ക്കെതിരല്ല എന്ന് വിമത സൈനികന്‍ ജനങ്ങളോടു വിളിച്ചുപറയുന്ന വിഡിയോ പ്രചരിച്ചു.
ബാങ്കുകള്‍ ഇന്നു പ്രവര്‍ത്തിച്ചു തുടങ്ങും. ബാങ്കുകളിലെ ജീവനക്കാരോടു ജോലിക്കു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വൈകാതെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. 13 വര്‍ഷം നീണ്ട ആഭ്യന്തര പോരാട്ടത്തിനൊടുവില്‍ ഞായറാഴ്ചയാണ് ഡമാസ്‌കസ് കീഴടക്കി ഹയാത്ത് തഹ്രീര്‍ അല്‍ ശാം സംഘടന നേതൃത്വം നല്‍കുന്ന വിമതസഖ്യം സിറിയയിലെ ഭരണം അട്ടിമറിച്ചത്. രാജ്യംവിട്ട 4000 സൈനികര്‍ ഖയിം ഇടനാഴിയിലൂടെ ഇറാഖില്‍ അഭയം തേടി. മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസറിന് രാഷ്ട്രീയ അഭയം നല്‍കിയതായി റഷ്യ അറിയിച്ചു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നേരിട്ടെടുത്ത തീരുമാനപ്രകാരമാണിതെന്നു വ്യക്തമാക്കിയ റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പുട്ടിന്‍ അസദ് കൂടിക്കാഴ്ച ഉടനുണ്ടാവില്ലെന്ന സൂചന നല്‍കി.
അതേസമയം സിറിയയുടെ രാസായുധ, ദീര്‍ഘദൂര മിസൈല്‍ ശേഖരം ഉണ്ടെന്നു കരുതപ്പെടുന്ന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ആയുധങ്ങള്‍ വിമതരുടെ കയ്യിലെത്താതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്നും സ്വന്തം സുരക്ഷയാണു ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെയും ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിനെയും പിന്തുണച്ചിരുന്ന അസദിന്റെ വീഴ്ച സ്വാഗതം ചെയ്യുന്നുവെന്നു പ്രഖ്യാപിച്ച ഇസ്രയേല്‍, വിമതരുടെ മുന്നോട്ടുള്ള നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഗോലാന്‍ കുന്നുകള്‍ക്കു സമീപമുള്ള കുറച്ചു പ്രദേശം കൂടി ഇസ്രയേല്‍ കയ്യടക്കി. അതേസമയം, സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി. സിറിയയിലെ അനിശ്ചിതത്വം ഐഎസ് കേന്ദ്രങ്ങള്‍ മുതലാക്കാതിരിക്കാനാണിതെന്ന് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha