ജോര്‍ജിയയിലെ റിസോര്‍ട്ടിലെ കിടപ്പുമുറിയില്‍ 12 ഇന്ത്യക്കാര്‍ മരിച്ചനിലയില്‍
ജോര്‍ജിയയിലെ റിസോര്‍ട്ടിലെ കിടപ്പുമുറിയില്‍ 12 ഇന്ത്യക്കാരെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെല്ലാം ഈ റിസോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരാണ്.
രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മറ്റു മുറിവുകളോ പരുക്കുകളോ ഇല്ല. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറന്‍സിക് പരിശോധനകള്‍ നടന്നു വരികയാണ്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റര്‍ കണ്ടെത്തിയെന്ന് ജോര്‍ജിയ വാര്‍ത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്. അടച്ചിട്ട മുറിയില്‍ പ്രവര്‍ത്തിച്ച ജനറേറ്ററില്‍ നിന്നുയര്‍ന്ന പുക ശ്വസിച്ചായിരിക്കാം ഇവര്‍ മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങളെ ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha