ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടങ്ങിവരവ് ഇനിയും നീളുമെന്ന് നാസ...മാർച്ചിലേക്ക് നീളുമെന്നാണ് നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടങ്ങിവരവ് ഇനിയും നീളുമെന്ന് നാസ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഇരുവരേയും ഭൂമിയിൽ എത്തിക്കുമെന്നാണ് നാസ നേരത്തെ അറിയിച്ചിരുന്നത്. എന്നാലിത് മാർച്ചിലേക്ക് നീളുമെന്നാണ് നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
2024 ജൂൺ അഞ്ച് മുതൽ സുനിതയും ബുച്ച് ബിൽമോറും ഐഎസ്എസിലാണ് തുടരുന്നത്. എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടിയാണ് ഇരുവരും ഐഎസ്എസിൽ എത്തിയതെങ്കിലും ബഹിരാകാശ പേടകമായ സ്റ്റാർലൈനറിൽ കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടർന്ന് അവർക്ക് തിരികെ വരാനായില്ല. സ്റ്റാർലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ആദ്യ പരീക്ഷണം കൂടിയായിരുന്നു ജൂണിൽ നടന്നത്. നാസയ്‌ക്കും സ്‌പേസ് എക്‌സ് ടീമിനും ബഹിരാകാശ ദൗത്യത്തിന് മുന്നോടിയായി പുതിയ ഡ്രാഗൺ പേടകത്തിന്റെ പ്രോസസിംഗിന് സമയം ആവശ്യമാണെന്നും നാസ അറിയിച്ചിട്ടുണ്ട്.
അതേസമയം തിരിച്ചുവരവിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകളിലേക്ക് ഇരുവരും കടന്നതായി നാസ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്നും, ഇരുവരും ആരോഗ്യ പരിശോധനകൾ നടത്തിയെന്നുമാണ് നാസ അറിയിച്ചത്. സ്യൂട്ടുകളുടെ പരിശോധനയ്‌ക്ക് ശേഷം സുനിത ഉൾപ്പെടെയുള്ള യാത്രികരുടെ കണ്ണുകളുടെ പരിശോധനയാണ് നടത്തിയത്.
ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പരിശോധനകൾ നടന്നത്.ഇവരുടെ കാര്യം സംബന്ധിച്ച് ലോകമെങ്ങും ചർച്ചകളൊക്കെ നടക്കുമ്പോഴും ഇരു യാത്രികരും നല്ല ആത്മവിശ്വാസത്തിലാണ്. ഇരുവരും മുൻ നാവികസേനാ ക്യാപ്റ്റൻമാരും പരിചയസമ്പന്നരായ യാത്രികരുമായതിനാൽ പ്രശ്നമൊന്നുമില്ല. തങ്ങൾ ഇപ്പോഴത്തെ സ്ഥിതി അംഗീകരിച്ചെന്നാണ് ഇരുവരും പറയുന്നത്. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ സ്ഥാനം സുനിതയ്ക്ക് കൈവന്നിരുന്നു. നിലയത്തിലെ ശാസ്ത്രപരീക്ഷണങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും സുനിത പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha