ട്രംപിനെ പേടിയ്ക്കണം... യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍
ഒരാഴ്ച കൊണ്ട് യുക്രെയ്‌നെ ചുരുട്ടിക്കൂട്ടാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. മൂന്ന് വര്‍ഷമായിട്ടും നട്ടെല്ലോടെ യുക്രെയ്ന്‍ പൊരുതി. ഇപ്പോള്‍ റഷ്യയും തളര്‍ന്നു. യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും പുട്ടിന്‍ പറഞ്ഞു.
യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുട്ടിന്‍, നിലപാട് മയപ്പെടുത്തിയത്. റഷ്യക്കാരുമായുള്ള വാര്‍ഷിക ചോദ്യോത്തര വേളയില്‍ സ്റ്റേറ്റ് ടിവിയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് പുട്ടിന്‍ നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ന്‍ യുദ്ധത്തിലടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണെന്നും പുട്ടിന്‍ പറഞ്ഞു.
4 വര്‍ഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുട്ടിന്‍, ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപ്, പുട്ടിനുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
റഷ്യയില്‍ സാഹചര്യങ്ങള്‍ പഴയതുപോലെയല്ല. യുക്രെയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ച് മൂന്നു വര്‍ഷത്തോട് അടുക്കുമ്പോള്‍ തിരിച്ചടികള്‍ റഷ്യയുടെ 'വീട്ടുപടിക്കല്‍' വരെ എത്തിയിരിക്കുന്നു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങിനിന്ന ആക്രമണങ്ങള്‍ നിയന്ത്രിത ആക്രമണങ്ങളുടെ രൂപത്തില്‍ റഷ്യന്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. റഷ്യയുടെ ആണവ, രാസ, ജൈവായുധ സേനാവിഭാഗം മേധാവി ലഫ്. ജനറല്‍ ഇഗോര്‍ കിറിലോവ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മോസ്‌കോ നഗര ഹൃദയത്തിലാണ്.
മോസ്‌കോയിലെ ഓഫിസില്‍ നിന്നിറങ്ങി കിറിലോവ് കാറില്‍ കയറാനൊരുങ്ങുമ്പോഴാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. കിറിലോവിന്റെ അസിസ്റ്റന്റും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. വിദൂരനിയന്ത്രിത സ്‌ഫോടനമാണുണ്ടായതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള 29കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായി റഷ്യയുടെ സുരക്ഷാ വിഭാഗം വ്യക്തമാക്കി. യുക്രെയ്ന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കിറിലോവിന്റെ കൊലപാതകത്തിനു കനത്ത തിരിച്ചടി നല്‍കുമെന്നാണു റഷ്യ നല്‍കുന്ന സൂചന. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സ്വന്തം മരണവിധിയില്‍ ഒപ്പിട്ടെന്നായിരുന്നു റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചത്.
യുക്രെയ്‌ന്റെ സൈനിക - രാഷ്ട്രീയ നേതൃത്വങ്ങളെ ലക്ഷ്യമിട്ടു റഷ്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നാണ് ആശങ്ക. യുക്രെയ്ന്‍ - റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ നിരവധി പ്രമുഖരാണു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ ടിവി കമന്റേറ്റര്‍ ദാരിയ ദുഗിന, റഷ്യയിലേക്കു പലായനം ചെയ്ത മുന്‍ യുക്രെയ്ന്‍ എംപി ഇലിയ കിവ, യുക്രെയ്ന്‍ വിരുദ്ധനായ പ്രമുഖ മിലിറ്ററി ബ്ലോഗര്‍ വ്‌ലാഡ്ലന്‍ ടറ്റാര്‍സ്‌കി എന്നിവരടക്കം ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. റഷ്യയില്‍ കടന്നുകയറിയുള്ള ആക്രമണങ്ങള്‍ക്കു സര്‍ക്കാരിനു മറുപടി നല്‍കേണ്ടതുണ്ട്. റഷ്യയുടെ ഭാഗത്തു നിന്നുള്ള ഇന്റലിജന്‍സ് വീഴ്ചയടക്കം പരിശോധിക്കപ്പെടേണ്ട സാഹചര്യമാണ്.
നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതിന് ഇഗോര്‍ കിറിലോവിനെ യുക്രെയ്ന്‍ ലക്ഷ്യമിട്ടിരുന്നു. യുക്രെയ്‌ന്റെ തെക്ക് - കിഴക്കന്‍ മേഖലകളില്‍ 4,800ലേറെ തവണ നിരോധിത ആയുധം ഉപയോഗിച്ചെന്നാണ് ആരോപണം. രാസായുധങ്ങള്‍ സംബന്ധിച്ച 1993ലെ കണ്‍വന്‍ഷനിലെ തീരുമാനത്തിനു വിരുദ്ധമായിട്ടാണ് ആയുധങ്ങള്‍ ഉപയോഗിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചതിനു കിറിലോവിനെതിരെ എസ്ബിയു (സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രെയ്ന്‍) അന്വേഷണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നായിരുന്നു കൊലപാതകം.
2023ല്‍ കഫേയിലുണ്ടായ സ്‌ഫോടനത്തിലാണു ബ്ലോഗര്‍ വ്‌ലാഡ്ലന്‍ ടറ്റാര്‍സ്‌കി കൊല്ലപ്പെട്ടത്. ടറ്റാര്‍സ്‌കിയ്ക്കു ഡാരിയ ട്രെപോവയെന്ന യുവതി സമ്മാനിച്ച പ്രതിമ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ് ഡാരിയ വിചാരണ സമയത്തു പറഞ്ഞത്. യുക്രെയ്നിലെ യുദ്ധത്തോടു വിയോജിപ്പുള്ള ആളായിരുന്നു ഡാരിയ. 27 വര്‍ഷത്തെ തടവുശിക്ഷയാണു ഡാരിയയ്ക്കു ലഭിച്ചത്. റഷ്യയ്ക്കകത്തു നടന്ന പല ആക്രമണങ്ങളിലും റഷ്യന്‍ പൗരന്‍മാരുടെ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം പൗരന്‍മാരെ സ്വാധീനിക്കുന്ന യുക്രെയ്ന്‍ തന്ത്രമാണു റഷ്യയ്ക്ക് ഇപ്പോള്‍ തലവേദന. കിറിലോവിന്റെ വധത്തോടെ റഷ്യയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്.
https://www.facebook.com/Malayalivartha