ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി; 41 പേരുടെ നില ഗുരുതരമാണ്
ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി. 160 ലധികം പേര്‍ക്കു പരുക്കുണ്ട്. ഇതില്‍ 41 പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച അന്‍പതുകാരനായ സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മനിയിലെ ബെര്‍ലിനില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്‌ഡെബര്‍ഗില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. സാക്സോണി-അന്‍ഹാള്‍ട്ടില്‍ താമസിക്കുന്ന ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചന.
അറസ്റ്റിലായ സൗദി പൗരനെക്കുറിച്ച് ജര്‍മന്‍ അധികൃതര്‍ക്കു സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ എക്സ് അക്കൗണ്ടില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തീവ്രവാദ നിലപാടുകള്‍ പോസ്റ്റ് ചെയ്തിരുന്നെന്നായിരുന്നു മുന്നറിയിപ്പ്. ജര്‍മനിയിലെ തീവ്രവലതു പക്ഷ പ്രസ്ഥാനമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) യോട് പ്രതി അനുഭാവം പുലര്‍ത്തിയിരുന്നതായാണ് വിവരം. 2016 ഡിസംബര്‍ 19ന് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha