ഭാര്യയാക്കിവയ്ക്കാന്‍ ശ്രമം, ലഹരിമരുന്നിന് അടിമയായ തലാലിനും കൂട്ടുകാർക്കും വഴങ്ങാനും നിർബന്ധിച്ചു, യെമൻ പൗരന്റെ കൊലപാതകത്തിലേക്ക് നിമിഷയെ നയിച്ചത് ഈ കാരണങ്ങൾ, ഭാര്യയും കുഞ്ഞുമുള്ള തലാലിന്റെ ഉപദ്രവം സഹികെട്ടതോടെ ചെയ്തത്
മലയാളി നഴ്സായ നിമിഷ പ്രിയയ്ക്ക് വധശിക്ഷയിൽ മോചനമില്ല. ശിക്ഷവിധി ഒരുമാസത്തിനകം നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. നയതന്ത്ര ഇടപെടലുകളൊന്നും ഫലം കാണാതെ വന്നതോടെ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ വധശിക്ഷ വേഗത്തിലാക്കുന്നത്. വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
കൊല്ലപ്പെട്ട തലാൽ അബ്‌ദുമെഹ്‌ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾക്കായും ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാനുമായും അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു യാത്ര. എന്നാൽ നിമിഷയെ നേരിൽ കാണാൻ സാധിച്ചു എന്നല്ലാതെ മോചനത്തിലേക്കുള്ള ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. കൂടാതെ, ബ്ലഡ് മണി നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്ക നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാൻ യെമൻ ഭരണകൂടം ഒരുങ്ങുന്നത്. മൃതദേഹം വികൃതമാക്കിയത് തലാലിന്റെ ഗോത്രത്തിന് അംഗീകരിക്കാൻ കഴിയുന്ന കുറ്റമല്ലയെന്ന് നേരത്തെ തീർന്ന് പറഞ്ഞിരുന്നു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി 2014ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷമാണ് നിമിഷ തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെട്ടതും ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് തലാലിന്റെ സഹായം തേടിയതും.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതും ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടതും ക്രൂരമായി ഉപദ്രവിച്ചതും എല്ലാം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് നിമിഷയുടെ വാദം. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ആണ് ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തി എന്നുമാണ് കോടതിയിൽ പറഞ്ഞത്. എന്നാൽ മൃതദേഹം പിന്നീട് കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നിരുന്നു. നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാനാൻ നിമിഷ കഴിയുന്ന സനായിലെ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യെമനിലെ നിയമപ്രകാരം ഇനി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമാണ് പ്രതിക്ക് ശിക്ഷയിളവ് ലഭിക്കുക.
https://www.facebook.com/Malayalivartha