ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 14 പേര്‍ കൊല്ലപ്പെട്ട സംഭവം: പ്രതി കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ
ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയ ഷംസുദ്ദീന്‍ ജബ്ബാര്‍ ആദ്യം കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ. ബോര്‍ബണ്‍ സ്ട്രീറ്റില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിനുനേര്‍ക്കു നടന്ന ആക്രമണത്തില്‍ 14 പേരാണു കൊല്ലപ്പെട്ടത്.
ആക്രമണത്തിനു മുന്‍പ് ഇയാള്‍ നിരവധി വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും ഇവയിലാണു കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നും എഫ്ബിഐ ഭീകരവിരുദ്ധ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റായ പറഞ്ഞു.
ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സ്വപ്നങ്ങളെക്കുറിച്ചും ജബ്ബാര്‍ വിഡിയോയില്‍ പറയുന്നുണ്ട്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കും മിനിറ്റുകള്‍ക്കും മുന്‍പും ഇയാള്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ അഞ്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ടെക്‌സസില്‍ ജനിച്ചുവളര്‍ന്ന യുഎസ് പൗരനായ ജബ്ബാര്‍, അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം നടത്തിയിരുന്നു. തന്റെ വിവാഹമോചനത്തെക്കുറിച്ചും കുടുംബത്തെ ഒരു ആഘോഷത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിനെക്കുറിച്ചും ജബ്ബാര്‍ ഈ വിഡിയോയില്‍ പറയുന്നു.
എന്നാല്‍ പദ്ധതി മാറ്റിയത് 'വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം' എന്നതില്‍നിന്നു വാര്‍ത്താ തലക്കെട്ടുകള്‍ മാറിപ്പോകുമെന്നതിനാലാണെന്നും വിഡിയോയില്‍ പറയുന്നു. ഈ വേനല്‍ക്കാലത്തിനു മുന്‍പായാണ് ഐഎസില്‍ ചേര്‍ന്നതെന്നും ഇയാള്‍ പറയുന്നു. ജബ്ബാറിന്റെ ഫെയ്‌സ്ബുക് പേജില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 1.29നും 3.02നുമായിരുന്നു വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ പിന്നീടു കൊല്ലപ്പെട്ടു.
10 വര്‍ഷത്തിലേറെ ഇയാള്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 2007 മാര്‍ച്ച് മുതല്‍ 2015 ജനുവരി വരെയായിരുന്നു പ്രവര്‍ത്തന കാലാവധി. സൈന്യത്തില്‍ എച്ച്ആര്‍, ഐടി വിദഗ്ധനായിരുന്നു. 2009 ഫെബ്രുവരി മുതല്‍ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ജനുവരിയില്‍ സജീവ സേവനത്തില്‍നിന്നു മാറിയെങ്കിലും റിസര്‍വ് യൂണിറ്റിന്റെ ഭാഗമായി 2020 ജൂലൈ വരെ പ്രവര്‍ത്തിച്ചിരുന്നു. സ്റ്റാഫ് സര്‍ജന്റ് എന്ന റാങ്കിലാണു വിരമിച്ചത്.
2010ല്‍ സെന്‍ട്രല്‍ ടെക്‌സസ് കോളജില്‍നിന്ന് അസോഷ്യേറ്റ് ബിരുദവും 2017ല്‍ ജോര്‍ജിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിട്ടുണ്ടെന്ന് ഷംസുദ്ദീന്റേതായി ഓണ്‍ലൈനില്‍ ലഭ്യമായ റെസ്യൂമെയില്‍ പറയുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നീ മേഖലകളിലാണ് ബിരുദങ്ങള്‍. ബിസിനസ് ഡെവലപ്‌മെന്റ്, ഡേറ്റ എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോകളും ജബ്ബാറിന്റെ ഫോണുകളും ലാപ്‌ടോപ്പുകളും എഫ്ബിഐയും സുരക്ഷാ സേനകളും പരിശോധനയ്ക്കു വിധേയമാക്കുകയാണ്. സൈനികനായിരുന്ന ഒരാള്‍ എങ്ങനെയാണ് ഭീകരവാദത്തിലേക്കു പോയതെന്നതിലേക്കു സൂചന എന്തെങ്കിലും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha