ചൈന അണക്കെട്ട് ആശങ്ക... അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും; നിര്‍ണായക ചര്‍ച്ചകള്‍ നടത്തും; ചൈന അണക്കെട്ട് മുഖ്യ ചര്‍ച്ച?
പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരുന്നതിന് മുമ്പ് നിര്‍ണായക നീക്കം. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി അവസാനവട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായാണ് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സള്ളിവന്റെ സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായാകും അദ്ദേഹം പ്രധാനമായും ചര്‍ച്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. ഡോവലിന് പുറമെ ഉന്നത ഉദ്യോഗസ്ഥരുമായും സള്ളിവന്‍ ചര്‍ച്ച നടത്തിയേക്കും. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ 2 ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകും.
സള്ളിവന്റെ നേതൃത്വത്തിലുള്ള യു എസ് പ്രതിനിധി സംഘത്തില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളും ഉണ്ട്. നിര്‍ണ്ണായക സാങ്കേതിക വിദ്യകളില്‍ യുഎസ്-ഇന്ത്യ ഇനിഷ്യേറ്റീവ് ചര്‍ച്ചകള്‍ക്കായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. നിര്‍ണ്ണായക സാങ്കേതിക വിദ്യകളുടെ വികസനത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് 2023 ജനുവരിയില്‍ വാഷിംഗ്ടണില്‍ ഈ സംരംഭം ആരംഭിച്ചതിന് ശേഷം നടക്കുന്ന ചര്‍ച്ചകളുടെ മൂന്നാം പതിപ്പാണിത്
സള്ളിവന്റെ സന്ദര്‍ശനത്തില്‍ ചൈനീസ് അണക്കെട്ടുകളെക്കുറിച്ചുള്ള ആശങ്കയും ചര്‍ച്ചയാകുമെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ഒഴുകുന്ന യാര്‍ലുങ് സാങ്‌ബോ നദിയില്‍ ടിബറ്റില്‍ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതിയെക്കുറിച്ച് ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാട് എന്താകുമെന്നത് സള്ളിവനുമായുള്ള ചര്‍ച്ചയില്‍ അറിയാനായേക്കും. പ്രതിവര്‍ഷം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി കണക്കാക്കുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് കഴിഞ്ഞ മാസം ചൈന അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സിവിലിയന്‍ ആണവ സഹകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശം, സൈനിക ലൈസന്‍സിംഗ്, ചൈനയുടെ സാമ്പത്തികാവസ്ഥ എന്നിവയും സള്ളിവന്റെ അവസാന ഔദ്യോഗിക ഇന്ത്യ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. ഡല്‍ഹിയിലെ ഐ ഐ ടിയില്‍ ഇന്ത്യയെ കേന്ദ്രീകരിച്ച് നിര്‍ണായക വിദേശ നയ പ്രസംഗവും അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയിലുണ്ടാകും. അമേരിക്കയുടെ ഏറ്റവും പ്രായംകുറഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ജോ ബൈഡന്‍ നിയമിച്ച 48 കാരനായ സള്ളിവന്‍. അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20 ന് മൈക്കല്‍ വാള്‍ട്ട്‌സ് പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേല്‍ക്കും.
അതേസമയം തായ്‌വാന് ആയുധം വിറ്റതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ശക്തമാക്കി ചൈന. ഒരാഴ്ചയ്ക്കുള്ളില്‍, പത്ത് യുഎസ് കമ്പനികള്‍ക്കെതിരെയാണ് ചൈന ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ, ചൈന മൊത്തത്തില്‍ 45 യുഎസ് സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ പിഴ ചുമത്തുകയോ ചെയ്തു. 17 സ്ഥാപനങ്ങള്‍ക്ക് അനുമതി നിരസിച്ചപ്പോള്‍ മറ്റ് 28 സ്ഥാപനങ്ങള്‍ കയറ്റുമതി നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തി പിഴ ചുമത്തി.
ആഗോളതലത്തില്‍ പ്രമുഖരായ പ്രതിരോധ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റേതിയോണ്‍, ജനറല്‍ ഡൈനാമിക്‌സ് എന്നിവയുടെ ഉപസ്ഥാപനങ്ങള്‍ക്കാണ് ചൈന ഇന്ന് ഉപരോധമേര്‍പ്പെടുത്തിയതെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തായ്വാനിലേക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ പങ്കാളികളായ പത്ത് യുഎസ് സ്ഥാപനങ്ങളും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.
ഈ കമ്പനികളെ ഇനി മുതല്‍ രാജ്യത്തെ എല്ലാ ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരോധിക്കുമെന്നും ചൈനയില്‍ ഇവരുടെ നിക്ഷേപം അനുവദിക്കില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha