ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസും ഇസ്രയിലും: യുദ്ധം ആരംഭിച്ച് 15ാം മാസമാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത്
യുദ്ധം ആരംഭിച്ച് 15ാം മാസം പിന്നിടുമ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇരു രാജ്യങ്ങളും കരാര്‍ അംഗീകരിച്ചാല്‍ മധ്യപൂര്‍വ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങള്‍ക്കു വിരാമമാകും. യുദ്ധം ആരംഭിച്ച് 15-ാം മാസമാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മേഖലയില്‍ ശാന്തിയുടെ ദിനങ്ങള്‍ വന്നെത്തുമെന്നാണ് സൂചന. പ്രാഥമിക ഘട്ടത്തില്‍ ആറാഴ്ചത്തേക്കാകും വെടിനിര്‍ത്തല്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഗാസ വെടിനിര്‍ത്തല്‍ കരടുരേഖ ഹമാസ് അംഗീകരിച്ചു. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്‍കയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലാണു കരടുരേഖയായത്. ജനുവരി 20നു ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡന്‍ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളില്‍ യുഎന്‍ രക്ഷാസമിതി അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ 3 ഘട്ടമായാണു നടപ്പിലാക്കുക. 2023 ഒക്ടോബര്‍ 7ന് ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 46,584 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
https://www.facebook.com/Malayalivartha