യുദ്ധ ഭൂമിയിൽ നിന്ന് ആ സന്തോഷകരമായ വാർത്ത... 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ, ഇസ്രയേലും ഹമാസും അംഗീകരിച്ചു...ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്...
ഒടുവിൽ യുദ്ധ ഭൂമിയിൽ നിന്ന് ആ സന്തോഷകരമായ വാർത്ത എത്തുകയാണ് . യുദ്ധം അവസാനിക്കുന്നു . 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്. വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി.
ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20നു മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിർത്തലിലേക്കു നയിച്ചതെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്നു ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ലാദപ്രകടനം നടത്തി.
ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡൽഫിയ ഇടനാഴിയിൽ സൈന്യം തുടരുമെന്ന ഇസ്രയേൽ നിലപാടിനെ ഹമാസ് എതിർത്തത് ചർച്ചകൾക്കു തടസ്സം സൃഷ്ടിച്ചിരുന്നു. ഇരുപക്ഷവുമായി ഖത്തർ പ്രധാനമന്ത്രി വെവ്വേറെ നടത്തിയ അവസാനഘട്ട ചർച്ചകളിലാണു ധാരണയായത്. ഏതായാലും ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ അതിനിടയിലാണ് ഈ വാർത്തയെത്തുന്നത് വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ ഇവിടെ ഇസ്രയേൽ സൈനികസാന്നിധ്യം കുറച്ചുകൊണ്ടുവരാൻ ധാരണയായി.
പലസ്തീനികളുടെ വിമോചനത്തിന്റെയും തിരിച്ചുവരവിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലെ ഒരു വഴിത്തിരിവാണിത്.
https://www.facebook.com/Malayalivartha