യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു; ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ
യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അല്‍പസമയത്തിനകം അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്കായി ഡോണള്‍ഡ് ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും വേദിയിലെത്തി. ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ജെ.ഡി.വാന്‍സും ഭാര്യ ഉഷ വാന്‍സും ഉള്‍പ്പെടെയുള്ളവര്‍ വൈറ്റ് ഹൗസിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു. അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപും വാന്‍സും കുടുംബങ്ങളും എത്തിയത്.
അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാര്‍ത്തല്‍, പെന്‍സില്‍വേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാന്‍ സൗകര്യമുണ്ട്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും. വ്യവസായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി, യുഎസ് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ തുടങ്ങിയവര്‍ ചടങ്ങിനുണ്ടാവില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
https://www.facebook.com/Malayalivartha