ഇത് അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമെന്ന് ഡോണള്‍ഡ് ട്രംപ്; എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ കൈയ്യില്‍ കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്
അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കന്‍ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാള്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ കൈയ്യില്‍ കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.
അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വര്‍ഷം താന്‍ നേരിട്ട വെല്ലുവിളി കള്‍ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതല്‍ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷന്‍ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വര്‍ഗക്കാര്‍ക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി.
രാജ്യത്ത് വിലക്കയറ്റം തടയാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊര്‍ജ്ജ വില കുറയ്ക്കാന്‍ നടപടിയെടുക്കും. ഓയില്‍ ആന്റ് ഗ്യാസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് ലോകത്താകമാനം കയറ്റുമതി ചെയ്യും. ഇതിലൂടെ അമേരിക്കയുടെ സമ്പത്ത് വര്‍ധിപ്പിക്കും. അലാസ്‌കയില്‍ ഓയില്‍ ആന്റ് ഗ്യാസ് ഖനനം നിരോധിച്ച ബൈഡന്റെ ഉത്തരവ് റദ്ദാക്കി ഖനനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സ്റ്റേണല്‍ റവന്യൂ സര്‍വീസ് തുടങ്ങുമെന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തി ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ആദ്യമായി സര്‍ക്കാര്‍ കാര്യക്ഷമാ വകുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നടപടിയെടുക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഉറപ്പാക്കും. എല്ലാ നഗരങ്ങളിലും ക്രമസമാധാനം ഉറപ്പാക്കും.
"
സ്ത്രീകളും പുരുഷന്മാരും എന്ന രണ്ട് ലിംഗവിഭാഗങ്ങളേ ഉണ്ടാകൂവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഇനിയില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകസമാധാനം ഉറപ്പാക്കും. അധികാരത്തിലേക്ക് താന്‍ തിരിച്ചെത്തുന്നതിന്റെ തലേദിവസം മധ്യേഷ്യയില്‍ ബന്ദികള്‍ സ്വതന്ത്രരായത് ഇതിന്റെ ഭാഗമാണ്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha