പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരില്‍ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ഈ ഭേദഗതിയോടെ പ്രാവര്‍ത്തികമാകും.
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തില്‍ അവകാശപ്രവര്‍ത്തകര്‍ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനം. നിലവില്‍ 18ആണ് ഇറാഖില്‍ വിവാഹപ്രായം. ചൊവ്വാഴ്ച പാര്‍ലമെന്റ് അംഗീകാരം നല്‍കിയ ഭേദഗതി ഇസ്ലാം പുരോഹിതര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്. ഇറാഖിലെ ജാഫറി സ്‌കൂള്‍ ഓഫ് ഇസ്ലാമിക നിയമം അനുസരിക്കുന്ന ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെണ്‍കുട്ടിയുടെ പ്രായം 9 വയസാണ്.
കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. പിന്നാലെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. എന്നാല്‍ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റില്‍ ബില്‍ വീണ്ടും പാര്‍ലമെന്റി എത്തുകയായിരുന്നു. കുട്ടികളില്‍ പാശ്ചാത്യ സംസ്‌കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികള്‍ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.
സുന്നി തടവുകാര്‍ക്ക് പ്രയോജനകരമാവുന്ന പൊതുമാപ്പും കുര്‍ദിഷ് ടെറിട്ടോറിയല്‍ ക്ലെയിമുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭൂമി വീണ്ടെടുക്കല്‍ നിയമവും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭേദഗതിയ്ക്ക് സന്നിഹിതരായിരുന്ന പകുതിയിലേറെ പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തില്ലെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കുട്ടികള്‍ എന്ന നിലയില്‍ ജീവിക്കാനുള്ള അവരുടെ അവകാശം ലംഘിക്കുന്നതാണ് ഭേദഗതിയെന്നും സ്ത്രീകള്‍ക്ക് വിവാഹമോചനം, സംരക്ഷണം, അനന്തരാവകാശം എന്നിവയ്ക്കുള്ള സംരക്ഷണ സംവിധാനങ്ങളെ തകര്‍ക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകയും ഇറാഖി വിമന്‍സ് ലീഗ് അംഗവുമായ ഇന്‍തിസാര്‍ അല്‍ മയാലി പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha