മെക്‌സിക്കോയ്ക്കുള്ള തീരുവ വര്‍ധന ഒരുമാസത്തേക്ക് മരവിപ്പിച്ച് ട്രംപ്
മെക്‌സിക്കോയ്ക്ക് 25% അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വര്‍ധന നടപ്പാക്കില്ലെന്ന് ധാരണയായതായി വൈറ്റ് ഹൗസും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷൈന്‍ബൗവും അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് തീരുവ വര്‍ധന നിലവില്‍ വരാനിരുന്നത്. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും മുക്കാല്‍ മണിക്കൂറോളം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം എന്നാണ് സൂചന.
യുഎസുമായുള്ള അതിര്‍ത്തിയില്‍ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് മെക്‌സിക്കോ യുഎസിന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. യുഎസിലേക്കുള്ള ലഹരിമരുന്ന് കള്ളക്കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം. മെക്‌സിക്കോയ്ക്കുമേല്‍ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാന കാരണമായി പറഞ്ഞിരുന്നത് തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു. കാനഡയുടെ തീരുവ വര്‍ധനയുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും ട്രംപ് ചര്‍ച്ച നടത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha