നൂറിലധികം വനിതാ തടവുകാരെ ജയിലിനുള്ളില്‍ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു
വിമത കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഗോമ നഗരത്തില്‍ വന്‍ അരാജകത്വം.ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നൂറിലധികം വനിതാ തടവുകാരെ ജയിലിനുള്ളില്‍ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് പുരുഷ തടവുകാര്‍ 160ല്‍ അധികം വനിതകളെ ലൈംഗികമായി പീഡിപ്പിച്ചു. വിമത കലാപത്തെ തുടര്‍ന്ന് കൂട്ടത്തോടെ കുറ്റവാളികള്‍ ജയില്‍ചാടുകയും ചെയ്തിട്ടുണ്ട്.
മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 എന്ന വിമത സൈന്യമാണ് നഗരത്തില്‍ ആക്രമണം നടത്തിയത്. തുടര്‍ന്നുണ്ടായ അരാജകത്വത്തിനിടയിലാണ് മുന്‍സെന്‍സെ ജയിലില്‍ കൂട്ട ജയില്‍ ചാട്ടമുണ്ടാകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 4,000 തടവുകാര്‍ രക്ഷപ്പെട്ടതായി ഗോമയിലെ യുഎന്‍ സമാധാന സേനയുടെ ഡെപ്യൂട്ടി മേധാവി വിവിയന്‍ വാന്‍ ഡി പെറെ സ്ഥിരീകരിച്ചു. കൂട്ടത്തോടെയുള്ള ജയില്‍ചാട്ടത്തിനിടെയാണ് ബലാത്സംഗ പരമ്പര അരങ്ങേറിയത്.
വനിതാ വിഭാഗത്തില്‍വച്ചാണ് ബലാത്സംഗങ്ങള്‍ നടന്നതെന്നും തുടര്‍ന്ന് ഈ ഭാഗത്ത് തീയിടുകയായിരുന്നുവെന്നും യുഎന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ള മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമത നീക്കത്തെ തുടര്‍ന്ന് ജയിലില്‍ അരങ്ങേറിയ സംഭവങ്ങളുടേയും ആക്രമണങ്ങളുടേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വെടിവെപ്പിന്റെ ഒച്ചയും കെട്ടിടങ്ങള്‍ക്ക് തീയിട്ടതും മനുഷ്യരുടെ നിലവിളികളും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വിവിധ ആക്രമണങ്ങളില്‍ ഇതുവരെ മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 2000ത്തോളം പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചപ്പോള്‍ ആയിരത്തിനടുത്ത് മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട നിരവധി യുവാക്കള്‍ പൊതുവഴിയിലൂടെ മാര്‍ച്ച് ചെയ്ത് പോകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം, ഗോമയിലെ സായുധ സംഘങ്ങള്‍ ലൈംഗിക അതിക്രമത്തെ യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഭരണകൂടം. ഇതിനെ പ്രതിരോധിക്കാന്‍ സിവില്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുമുണ്ട്. ഇനിയുമൊരു ആക്രമണവും ഏറ്റുമുട്ടലുമുണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha