യുദ്ധത്തിന് സാധ്യത... ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു മാര്‍പാപ്പയുടെ മുന്നറിയിപ്പ്
![](https://www.malayalivartha.com/assets/coverphotos/w657/327113_1739339300.jpg)
സമാധാനത്തിലേക്ക് നീങ്ങിയിരുന്ന പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ കാഹളം. ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തുന്നതായി ആരോപിച്ച് ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ബന്ദികളെയെല്ലാം വിട്ടയക്കണമെന്നാണോ ശനിയാഴ്ച വിട്ടയക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്ന മൂന്നു ബന്ദികളുടെ കാര്യമാണോ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതെന്ന് വ്യക്തമല്ല. ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു.
ജനുവരി 19ന് വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കരുതെന്ന തന്റെ രാജ്യത്തിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടികാഴ്ചയില്‍ അറിയിച്ചെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. 'ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ആവശ്യം. അതിന് യുഎസിന്റെ നേതൃത്വം ആവശ്യമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമാധാനകാംഷിയാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അത് നിലനിര്‍ത്തുന്നു എന്ന് ഉറപ്പാക്കാന്‍ യുഎസിനെയും എല്ലാ പങ്കാളികളെയും ഞങ്ങള്‍ ഉറ്റുനോക്കുന്നു, എന്ന് അബ്ദുല്ല രണ്ടാമന്‍ രാജാവ് പറഞ്ഞു.
ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ശനിയാഴ്ച വരെ സമയം നല്‍കുമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
അതേസമയം അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. യുഎസിലുള്ള ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാര്‍പാപ്പ വിമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ, ഇറ്റാലിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ നേരത്തേയും മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു. നാടുകടത്തല്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങള്‍ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.
മെക്സിക്കോയുമായുള്ള യുഎസ് അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള ട്രംപിന്റെ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ടു, ''മതിലുകള്‍ക്കു പകരം സമൂഹങ്ങള്‍ തമ്മിലുള്ള പാലങ്ങള്‍ നിര്‍മിക്കണം'' എന്ന് 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നതും ചര്‍ച്ചയാവുന്നുണ്ട്.
"
https://www.facebook.com/Malayalivartha