വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍
![](https://www.malayalivartha.com/assets/coverphotos/w657/327531_1739855164.jpg)
വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ജൂത കുടിയേറ്റക്കാര്‍ക്ക് 1000ത്തോളം പുതിയ വീടുകള്‍ നിര്‍മിക്കാനാണ് ശ്രമം ഇസ്രായേല്‍ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദ്വിരാഷ്ട്ര വാദം ഉയര്‍ത്തുന്ന ഇസ്രായേലിലെ പീസ് നൗ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇഫ്രാത് കുടിയേറ്റ ജനസംഖ്യ 40 ശതമാനം വര്‍ധിപ്പിക്കാനും ഫലസ്തീന്‍ നഗരമായ ബത്‌ലഹേമിന്റെ വികസനം തടയാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഇവരുടെ ആരോപണം. കരാര്‍ നല്‍കുകയും അനുമതി നല്‍കുകയും ചെയ്യുന്നതോടെ വീടുകളുടെ നിര്‍മാണത്തിന് തുടക്കമാകുമെന്ന് പീസ് നൗ ഏജന്‍സിയുടെ കുടിയേറ്റ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംഘത്തിന്റെ തലവനായ ഹഗിത് ഒഫ്‌റാന്‍ പറഞ്ഞു.
എന്നാല്‍, കരാര്‍ നല്‍കുന്നതിനും പെര്‍മിറ്റ് അനുവദിക്കുന്നതിനും ഒരു വര്‍ഷത്തോളമെടുക്കുമെന്നാണ് സൂചന. ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേല്‍ ജനത ആഗ്രഹിക്കുമ്പോള്‍ സമാധാനവും വിട്ടുവീഴ്ചക്കുള്ള അവസരവും ഇല്ലാതാക്കുന്ന നീക്കമാണ് നെതന്യാഹു സര്‍ക്കാര്‍ നടത്തുന്നതെന്ന് പീസ് നൗ ആരോപിച്ചു.
വെസ്റ്റ് ബാങ്കില്‍ ഇതിനകം 100ലേറെ കുടിയേറ്റ മേഖലകള്‍ ഇസ്രായേല്‍ നിര്‍മിച്ചിട്ടുണ്ട്. ചെറിയ ടൗണുകളും ഭവന സമുച്ചയങ്ങളും ഷോപ്പിങ് മാളുകളും പാര്‍ക്കുകളും ഉള്‍പ്പെടുന്നതാണ് ഇസ്രായേല്‍ കുടിയേറ്റ മേഖലകള്‍. 30 ലക്ഷത്തോളം ഫലസ്തീനികള്‍ കഴിയുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അഞ്ച് ലക്ഷത്തിലേറെ ജൂത കുടിയേറ്റക്കാരുണ്ട്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്നത്തിലെ ഭാവി ഗാസയുടെ ചിത്രങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. അംബര ചുബികളായ ആഡംബര സൗധങ്ങളും ഹോളിഡേ റിസോര്‍ട്ടുകളും നിറയെ യാട്ടുകളും എല്ലാം ഇവിടെ ഉണ്ടാകും. കൂടാതെ ദൈവവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മോസ്‌ക്കും പള്ളിയും സിനഗോഗും. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ഭാവിയിലെ ഗാസയുടെ മഹത്വം വിളിച്ചോതുന്ന ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഗാസയെ മധ്യപൂര്‍വ്വദേശത്തെ റിവേരയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ജോസഫ് പെല്‍സ്മാന്റെ നേതൃത്വത്തിലാണ് ഈ സംവിധാനം തയ്യാറാക്കിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് ഇത് അയച്ചു കൊടുത്തിരുന്നത്.
പുതിയ നഗര നിര്‍മ്മാണത്തിനായി 500 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ ്ഇത് സംബന്ധച്ച് പഠനം നടത്തിയവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാസ 2035 എന്നാണ് ഈ പ്രോജക്ടിന് പേരിട്ടിരിക്കുന്നത്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കൊപ്പം തന്നെ 132 കിലോമീറ്റര്‍ റെയില്‍വേ ലൈനും പ്രോജക്ടില്‍ പറയുന്നുണ്ട്. ഗാസയെ പ്രതിസന്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ ഈ പദ്ധതി ഏറെ സഹായകമാകും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇവിടെ ഓയില്‍ റിഫൈനറികളും സൗരോര്‍ജ്ജ പാടങ്ങളും എല്ലാം നിര്‍മ്മിക്കാനാണ് പദ്ധതി. 2023 ല്‍ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് ഈ റിപ്പോര്‍ട്ട് അയച്ചു കൊടുത്തതാണ്. നെതന്യാഹു ആയിരിക്കാം ട്രംപിന് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുത്തതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ട്രംപിന്റെ ടീമിനും പ്രോജക്ട്, അയച്ചു കൊടുത്തിരുന്നു. ഗാസാ മുനമ്പിലെ ഭൂരിപക്ഷം കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ നിലംപരിശായിരുന്നു.
ഗാസയുടെ കിഴക്കന്‍ മേഖലയിലാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യം എന്നാണ് ജോസഫ് പെല്‍സ്മാനും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. വീടുകള്‍ പടിഞ്ഞാറന്‍ മേഖലയിലും നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാര്‍ഷിക മേഖലക്കായും സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാകണമെമെങ്കില്‍ ജനങ്ങളെ പൂര്‍ണമായി തന്നെ ഗാസയില്‍ നിന്ന് ഒഴിപ്പിക്കണം. പദ്ധതി മിച്ച റിയല്‍ എസ്റ്റേറ്റ് സംരംഭം ആയിരിക്കുമെന്നാണ് ട്രംപ് നെതന്യാഹുവിനോട് അഭിപ്രായപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha