യുഎസില്‍നിന്ന് ഇന്ത്യയ്ക്ക് പണം ലഭിച്ചിട്ടില്ലെന്ന് രേഖകള്‍

വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (യുഎസ് എയ്ഡ്) 2.1 കോടി ഡോളര്‍ ( ഏകദേശം 180 കോടി രൂപ) നല്‍കിയത് ഇന്ത്യയ്ക്കല്ല ബംഗ്ലദേശിനായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 1.34 കോടി ഡോളര്‍ (ഏകദേശം 116 കോടി രൂപ) ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്താകുന്നതിനു മുന്‍പു ബംഗ്ലദേശില്‍ 2024 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നുവെന്നും ഇംഗ്ലിഷ് ദിനപത്രമായ 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലോണ്‍ മസ്‌ക് മേധാവിയായ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) പുറത്തുവിട്ട രണ്ടു പട്ടിക പ്രകാരം വാഷിങ്ടന്‍ ആസ്ഥാനമായ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ് (സിഇപിപിഎസ്) എന്ന സ്ഥാപനം മുഖേനയാണ് വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള ഫണ്ട് വിതരണം ചെയ്യുന്നത്. യുഎസ് എയ്ഡ് വഴി ആകെ നല്‍കുന്ന 48.6 കോടി ഡോളറില്‍ 2.2 കോടി മോള്‍ഡോവയ്ക്കും 2.1 കോടി ഇന്ത്യയ്ക്കും കൈമാറിയെന്നാണ് മസ്‌ക് അവകാശപ്പെട്ടത്. ചെലവു ചുരുക്കുന്നതിന്റെ ഭാഗമെന്നു പറഞ്ഞ് യുഎസ് എയ്ഡ് പ്രകാരം വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാന്‍ സഹായം നല്‍കുന്നത് യുഎസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 2008നു ശേഷം സിഇപിപിഎസില്‍നിന്ന് ഇന്ത്യയ്ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് ഫെഡറല്‍ ചെലവുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോള്‍ഡോവയ്ക്കുള്ള സഹായം 2016 സെപ്റ്റംബറില്‍ സിഇപിപിഎസിന് കൈമാറുകയും ഇതില്‍ 1.32 കോടി ഡോളര്‍ ഇതിനകം മോള്‍ഡോവയ്ക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2026നുള്ളിലാണ് ഈ തുക ചെലവിട്ടു തീര്‍ക്കേണ്ടത്.
എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യയ്ക്ക് തുക കൈമാറിയതായി രേഖകളൊന്നും ഇല്ല. അതേസമയം, 2022ല്‍ ജൂലൈയില്‍ അമര്‍ വോട്ട് അമര്‍ (എന്റെ വോട്ട് എന്റേത്) എന്ന പദ്ധതി പ്രകാരം 2.1 കോടി ഡോളര്‍ ബംഗ്ലദേശിനു കൈമാറിയതായി സിഇപിപിഎസിന്റെയും യുഎസ് ഫെഡറല്‍ സ്‌പെന്‍ഡിങ്ങിന്റെയും രേഖകളിലുണ്ട്. 2022 നവംബറില്‍ ഫണ്ട് അമര്‍ വോട്ട് അമര്‍ പദ്ധതിയില്‍നിന്ന് നാഗരിക് പദ്ധതിയിലേക്ക് മാറ്റി. ഇക്കാര്യം ധാക്കയിലെ യുഎസ് എയ്ഡ് പൊളിറ്റിക്കല്‍ പ്രോസസ് അഡൈ്വസറായിരുന്ന ലുബായിന്‍ മാസും സമൂഹമാധ്യമത്തില്‍ അന്നു പങ്കുവച്ചിട്ടുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഇന്ത്യയ്ക്ക് യുഇഎസ് പണം നല്‍കിയിട്ടില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് ബിജെപി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും യുഎസ് എയ്ഡ് സാമ്പത്തികമായി സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറല്‍ സിസ്റ്റംസും (ഐഎഫ്ഇഎസ്) എന്ന സംഘടനയും തമ്മില്‍ 2012ല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
https://www.facebook.com/Malayalivartha