അര ലക്ഷം പലസ്തീനികളെ കൊന്നൊടുക്കിയതിനു തൊട്ടുപിന്നാലെ ഗാസയില്‍ പലസ്തീനെതിരെ യുദ്ധം പുനരാരംഭിക്കാന്‍ ഏത് നിമിഷവും ഇസ്രായേല്‍ തയ്യാർ; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊലവിളിയുമായി വീണ്ടും കളത്തിൽ

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊലവിളിയുമായി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നു. അര ലക്ഷം പലസ്തീനികളെ കൊന്നൊടുക്കിയതിനു തൊട്ടുപിന്നാലെ ഗാസയില്‍ പലസ്തീനെതിരെ യുദ്ധം പുനരാരംഭിക്കാന്‍ ഏത് നിമിഷവും ഇസ്രായേല്‍ തയ്യാറാണെന്നു നെതന്യാഹു പറഞ്ഞിരിക്കുന്നു. ഹമാസിനെ തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ വീണ്ടും യുദ്ധത്തിനു സാധ്യത തെളിഞ്ഞിരിക്കുന്നു. ഗാസ - ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയില്‍നിന്ന് പിന്‍വാങ്ങില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഹമാസിന്റെ ആയുധക്കടത്ത് തടയാന്‍ ഇവിടെ സൈന്യം തുടരേണ്ടതുണ്ടെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം.
ഗാസയില്‍ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഫിലാഡെല്‍ഫി ഇടനാഴിക്ക് 14 കിലോമീറ്റര്‍ നീളമുണ്ട്. അതിര്‍ത്തിയിലെ തുരങ്കത്തിലൂടെ ഹമാസ് ആയുധം കടത്തുന്നുണ്ടെന്ന് ബെന്യാമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഫിലാഡെല്‍ഫി ഇടനാഴിയില്‍ ഒമ്പതു തുരങ്കങ്ങളാണ് ഇസ്രായേല്‍ സേന കണ്ടെത്തിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിയതിന് ഒരു ദിവസത്തിന് ശേഷം ഉന്നത സൈനിക ഓഫീസര്‍മാര്‍ക്കുള്ള ചടങ്ങിലാണ് ഹമാസിനിതിരെ ഏതു നിമിഷവും യുദ്ധം പുനരാംഭിക്കാന്‍ തയാറാണെന്ന് നെതഹന്യാഹു പറഞ്ഞിരിക്കുന്നത്.
ഹമാസിന്റെ സംഘടിത ശക്തികളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ ഉന്മൂലനം ചെയ്തുവെന്നും യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്നുമാണ് നെതന്യാഹു പറയുന്നത്. വെടിനിറുത്തല്‍ കരാറനുസരിച്ച് അഞ്ച് ഇസ്രായേലി ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി 620 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇതുവരെ ഇത് പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. ഇസ്രായേല്‍ തടവിലാക്കിയവരെ സ്വീകരിക്കാന്‍ നൂറുകണക്കിന് ഫലസ്തീനികള്‍ ഗാസായിലും വെസ്റ്റ് ബാങ്കിലും എത്തിയിരുന്നു. തടവുകാരെ മോചിപ്പിക്കില്ലെന്ന അറിയിപ്പ് വന്നതോടെ ഇവര്‍ നിരാശരായി മടങ്ങുകയും ചെയ്തു. ഇസ്രായേല്‍ ബന്ദികളുടെ മോചിപ്പിക്കുന്നതിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള സ്ഥിരീകരണം ഉണ്ടാവാതെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു.
ജനുവരി 19ന് ആരംഭിച്ച ആറാഴ്ചത്തെ ഗാസ വെടിനിര്‍ത്തല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി. വെടിനിറുത്തലിന്റെ ഭാഗമായി ഈജിപ്ത്തലസ്ഥാനമായ കെയ്‌റോയില്‍ നടക്കുന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുക്കും. ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നു ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ദികളെയും തിരിച്ചെത്തിക്കുംവരെ വെടിനിര്‍ത്തല്‍ തുടരാന്‍ ജനസമ്മര്‍ദം നെതന്യാഹു സര്‍ക്കാരിനുമേലുണ്ട്. അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതിയനുസരിച്ച് ഉടന്‍ ഈജിപ്ത് അതിര്‍ത്തിയിലെ ഫിലഡെല്‍ഫി ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങേണ്ടതാണ്. എന്നാല്‍, സൈന്യം അതിര്‍ത്തിയില്‍ തുടരുമെന്ന നിലപാടിലാണ് നെതന്യാഹു സര്‍ക്കാര്‍. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കാലയളവില്‍ കുട്ടികളടക്കം 456 പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ വിട്ടയച്ചത്.
ഗാസ മുന്‍പ് ഇനിയൊരിക്കലും പാലസ്തീന് വിട്ടുകൊടുക്കില്ലെന്നും അവിടെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചു. ഗാസയെ ഒരു ആഡംബര റിസോര്‍ട്ടായി കാണിക്കുന്ന ഒരു എഐ സാങ്കേതിക വിദ്യയോടെ സൃഷ്ടിച്ച വീഡിയോ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കിടുകയും ചെയ്തു. വീഡിയോയില്‍ ഗാസയെ ഒരു റിസോര്‍ട്ട് പോലെയാക്കി തന്റെ തന്നെ ഒരു സ്വര്‍ണ്ണ പ്രതിമയും ട്രംപ് ഗാസയില്‍ ഒരുക്കിയിട്ടുണ്ട്. ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും കടല്‍ത്തീരത്ത് വിശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha