റഷ്യ-ഉക്രൈന്‍ യുദ്ധം തീരുന്നു; പുടിനുമായുള്ള ചര്‍ച്ച പോസിറ്റീവെന്ന് ട്രംപ്......

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ, ആഗോളതലത്തില്‍ ചരക്ക് നീക്കം സ്തംഭിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്ത റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി .
റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ഒടുവിൽ ഉപാധികളോടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സമ്മതം അറിയിച്ചിരിക്കുകയാണ്.ഉപാധികളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കയാണ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ. വെടിനിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം, മാത്രമല്ല, അതിലൂടെ ശാശ്വത സമാധാനത്തിലേക്ക് എത്തണമെന്നും പുടിൻ നിലപാടെടുത്തു. 30 ദിവസത്തേക്ക് യുക്രൈനിൽ താൽക്കാലിക വെടിനിർത്തലിന് റഷ്യ സമ്മതിച്ചതായും വാർത്താ സമ്മേളനത്തിൽ പുടിൻ വ്യക്തമാക്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രഖ്യാപനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി മോസ്കോയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. താല്‍ക്കാലികമായല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു
ഉക്രൈന്‍ സേന റഷ്യയില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരേയൊരു റഷ്യൻ മേഖലയായ കുർസ്‌കിൽ കുടുങ്ങിക്കിടക്കുന്ന യുക്രെയ്ൻ സൈനികരോട് പിന്‍മാറാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യം ആയുധം വച്ച് കീഴടങ്ങുകയാണെങ്കിൽ, അവർക്ക് മാന്യമായ പരിഗണനയും ജീവനും ഉറപ്പ് നൽകുമെന്നും പുടിൻ പറഞ്ഞു. യുക്രെയ്‌ൻ പട്ടാളക്കാരുടെ ജീവൻ സംരക്ഷിക്കണമെന്ന് പുടിനോട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. മൂന്ന് വർഷത്തോളമായി തുടരുന്ന യുക്രെയ്‌ൻ-റഷ്യ യുദ്ധത്തിൽ 30 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്ക നിർദേശിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്‌ൻ നേരത്തെതന്നെ അംഗീകരിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ കരാർ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് പുടിൻ്റെ നിലപാടെന്ന് ആണ് സെലെൻസ്‌കി ആരോപിക്കുന്നത്. സ്ഥിരമായ വെടിനിര്‍ത്തലിന് പുടിന്‍ ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചതായി അറിയുന്നു.
യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, വിദേശ സൈന്യത്തെ വിന്യസിക്കില്ലെന്ന ഉറപ്പ് നൽകണം, ക്രിമിയ അടക്കം നാല് പ്രവിശ്യകൾ റഷ്യയുടേതാണെന്ന് അംഗീകരിക്കണം എന്നതാണ് റഷ്യയുടെ ഉപാധികൾ . ഇത് അംഗീകരിക്കാൻ യുക്രൈൻ തയ്യാറല്ല . അതേസമയം വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മിക്കവാറും സമാധാനസാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ നിഗമനം.
ട്രംപ് – പുടിന്‍ കൂടിക്കാഴ്‌ച വൈകാതെ സംഭവിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ മുൻ അമേരിക്കൻ ഭരണകൂടം വഷളാക്കിയ റഷ്യ-അമേരിക്ക ബന്ധത്തിന്റെ ഒരു ഭാഗമെങ്കിലും പുനഃസ്ഥാപിക്കാൻ ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തിന്റെ ശ്രമങ്ങൾ വിജയിക്കുമോ എന്ന് കണ്ടറിയണം ,
ജോ ബൈഡന്റെ കീഴിൽ റഷ്യയും അമേരിക്കയും തമ്മിലുള്ള ആശയവിനിമയം ആകെ തകർന്നിരുന്നു. നയതന്ത്ര ജീവനക്കാരെ കുറയ്ക്കുക, ബാങ്കിംഗ് ആക്‌സസ് പരിമിതപ്പെടുത്തുക, നയതന്ത്ര സ്വത്തുക്കൾ കണ്ടുകെട്ടുക എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളും പരസ്പരം വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോരടിച്ചു. അമേരിക്ക സ്വീകരിച്ച നടപടികൾക്ക് നേരിട്ടുള്ള പ്രതികരണമായാണ് റഷ്യ ഈ നീക്കങ്ങളെല്ലാം നടത്തിയത്. എന്നാൽ പുടിനെ പിണക്കുന്നത് നല്ലതിനല്ലെന്ന് നന്നായി അറിയാവുന്ന ട്രംപ് കുറച്ചു കാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള നെട്ടോട്ടത്തിലാണ്.
യുക്രെയ്ൻ സംഘർഷത്തിന് ഒരു ക്ലൈമാക്സ് ആകുന്നതോടെ അമേരിക്കയും റഷ്യയും തമ്മിൽ സാമ്പത്തിക ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ആണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടത്. യുക്രെയ്നുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുമെന്ന സൂചനയും ട്രംപ് നല്കിക്കഴിഞ്ഞിട്ടുണ്ട്.
സൗദി അറേബ്യയിൽ നടന്ന അമേരിക്ക-യുക്രെയ്ൻ ചർച്ചകളെക്കുറിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾ കൈമാറാൻ റഷ്യൻ തലസ്ഥാനത്ത് എത്തിയ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി പുടിൻ കൂടിക്കാഴ്ച നടത്തിയതായും ട്രംപ് ഒരു ശുഭ സൂചനയായി കരുതുന്നുണ്ട്. യുക്രെയ്ൻ സംഘർഷം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുക എന്ന ആശയത്തെ റഷ്യ പൂർണ്ണമായും പിന്തുണയ്ക്കുമ്പോഴും റഷ്യക്ക് ഒരു ഹ്രസ്വകാല പരിഹാരത്തിൽ താൽപ്പര്യമില്ലെന്നും പകരം സംഘർഷത്തിന് ശാശ്വതമായ ഒരു പരിഹാരമാണ് തേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിൽ ട്രംപുമായുള്ള വ്യക്തിപരമായ സംഭാഷണവും ഉൾപ്പെടാമെന്ന് റഷ്യൻ പ്രസിഡന്റ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം റഷ്യയുടെ അതിർത്തി പ്രദേശമായ കുർസ്കിൽ യുക്രെയ്ൻ സൈന്യം വളഞ്ഞിട്ടുണ്ടെന്ന വാർത്ത യുക്രെയ്ൻ ജനറൽ സ്റ്റാഫ് നിഷേധിച്ചു. പ്രദേശം വളഞ്ഞതിനെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും തെറ്റാണെന്നും രാഷ്ട്രീയ കൃത്രിമത്വത്തിനായി റഷ്യക്കാർ കെട്ടിച്ചമച്ചതാണ് എന്നും ജനറൽ സ്റ്റാഫ് ടെലിഗ്രാമിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്നും അതിന്റെ പാശ്ചാത്യ പിന്തുണക്കാർക്കും മേൽ “സമ്മർദ്ദം ചെലുത്താൻ” വേണ്ടി ചെയ്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവനയിൽ ട്രംപിന്റെയോ അമേരിക്കയുടെയോ പേരെടുത്ത് പരാമർശിച്ചിട്ടില്ല എങ്കിലും ജനറൽ വിരൽ ചൂണ്ടുന്നത് ട്രംപിനെ തന്നെയാണ് എന്നതിൽ സംശയമില്ല.
എന്തായാലും മൂന്നാം ലോകമഹായുദ്ധത്തിന്റെ കാര്‍മേഘമാണ് ഒഴിഞ്ഞുപോകുന്നത്. ഒരു ഘട്ടത്തില്‍ ചൈനകൂടി റഷ്യയെ പരസ്യമായി പിന്തുണയ്‌ക്കുമെന്നും റഷ്യ ആണവായുധങ്ങള്‍ ഉപയോഗിക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു. എങ്കില്‍ ഈ സംഘര്‍ഷം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് വഴിവെയ്‌ക്കുമായിരുന്നു. എന്തായാലും യുഎസ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ പ്രസിഡന്‍റായുള്ള തിരിച്ചുവരാണ് റഷ്യ-ഉക്രൈന്‍ യുദ്ധം സമാധാനത്തിലേക്ക് വഴിതിരിയാന്‍ കാരണമായത്.
ഏതാനും ദിവസം മുന്‍പ് വാഷിംഗ്ടണില്‍ എത്തി ട്രംപുമായി ചര്‍ച്ച ചെയ്തപ്പോള്‍ താന്‍ സമാധാനത്തിന് ഒരുക്കമല്ലെന്ന് പറഞ്ഞ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ഇറങ്ങിപ്പോയ ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി തന്റെ നിലപാട് തിരുത്തി. താന്‍ സമാധാനത്തിന് ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. റഷ്യയുമായി ഒരു നിലയ്‌ക്കും സമാധാനത്തിന് ഒരുക്കമല്ലെന്നും യുദ്ധത്തില്‍ അമേരിക്കയുടെ പിന്തുണയില്ലെങ്കിലും സെലന്‍സ്കിയോടൊപ്പം ചേരുമെന്നും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവരും പിന്നീട് നിലപാടില്‍ നിന്നും പിറകോട്ട് പോവുകയായിരുന്നു. അതോടെയാണ് സെലന്‍സ്കിയും റഷ്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.
14400 പേര്‍ (ഇതില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു) കൊല്ലപ്പെടുകയും 30000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റഷ്യ-ഉക്രൈന്‍ യുദ്ധമാണ് അവസാനിക്കാന്‍ പോകുന്നത്. ഔദ്യോഗിക കണക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha