മാർപാപ്പയുടെ നില മെച്ചപ്പെട്ടു; ഓക്സിജൻ തെറപ്പി തുടരുന്നു

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി അഞ്ചാം ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആഞ്ചലൂസ് പ്രാർഥനയിൽ പങ്കെടുക്കാനായില്ല. ലോകമെങ്ങും നിന്നെത്തുന്ന വിശ്വാസികൾക്കായി ഞായറാഴ്ചകളിൽ മാർപാപ്പ പൊതുവേദിയിൽ ചൊല്ലുന്ന പ്രാർഥന എഴുതിനൽകിയത് ഇന്നലെയും വായിക്കുകയായിരുന്നു. മഹാജൂബിലി വിശുദ്ധ വാതിലിലൂടെ കടന്ന് പാപമോചനം നേടാനായി വത്തിക്കാനിലെത്തുന്ന തീർഥാടകർ 15 മിനിറ്റ് ട്രെയിൻ യാത്ര ചെയ്ത് മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജമേലി ആശുപത്രി കവാടം സന്ദർശിച്ചാണു മടങ്ങുന്നത്.
ഒട്ടേറെ കുട്ടികളും പേപ്പൽ പതാകകളുമായി ആശുപത്രിക്കു മുന്നിലെത്തിയിരുന്നു. തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികൾ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ അനുസ്മരിച്ചു. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. ഓക്സിജൻ തെറപ്പി തുടരുന്നുണ്ട്. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നത് കുറച്ചു. ഏറ്റവും പുതിയ എക്സ്റേയിൽ ശ്വാസകോശങ്ങൾ രോഗമുക്തമാകുന്നതു വ്യക്തമാണ്.
https://www.facebook.com/Malayalivartha