ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് അധിക തീരുവ നടപ്പിലാക്കി മറുപടി നല്‍കി ചൈന. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചു. ഏപ്രില്‍ പത്ത് മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.
ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് ട്രംപ് കഴിഞ്ഞ ദിവസം 34 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഈടാക്കുന്ന മൊത്തം തീരുവ 54 ശതമാനമായി ഉയര്‍ന്നതാണ് ചൈനീസ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. പ്രതിവര്‍ഷം 34.8 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ചൈന അമേരിക്കയിലേക്ക് അയയ്ക്കുന്നത്.അതേസമയം,12.53 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയിലേക്ക് അയയ്ക്കുന്നത്. ഈ വ്യാപരക്കമ്മിയാണ് ട്രംപിന്റെ നടപടിക്ക് കാരണം.
ഇറക്കുമതി തീരുവയ്ക്ക് പുറമേ ചൈനയില്‍ നിന്നുള്ള മറ്റ് ഇറക്കുമതികള്‍ക്കും യു.എസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള 800 ഡോളര്‍ താഴെ വിലയുള്ള പാഴ്സലുകള്‍ക്കുള്ള നികുതി ഇളവുകളും നിറുത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പാഴ്‌സലുകള്‍ക്ക് 30 ശതമാനമോ ഓരോ ഉത്പന്നത്തിനും 25 മുതല്‍ 50 ഡോളര്‍ വരെ നികുതിയോ ഈടാക്കാനാണ് നിര്‍ദ്ദേശം.
കാനഡയും അമേരിക്കയ്ക്കെതിരെ അധിക തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. യു.കെയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള സഖ്യകക്ഷികള്‍ പോലും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചടി തീരുവ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha