ട്രംപിന് മുന്നിൽ വാതിലടച്ചു, ഇന്ത്യക്കാർക്ക് വാരിക്കോരി; നിർണായക തീരുമാനവുമായി ചൈന

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് കൂടുതൽ വിസ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ നിർണായക നീക്കവുമായി ചൈന. ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒമ്പതുവരെ ഇന്ത്യക്കാർക്ക് 85,000ത്തിലേറെ വിസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പറഞ്ഞു.
ചൈന സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിസ ലഭിക്കാൻ ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ നേരിട്ട് വിസ സെന്‍ററുകളിൽ അപേക്ഷ നൽകാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാൻ ബയോമെട്രിക് ഡേറ്റ നൽകണമെന്ന് നിർബന്ധമില്ല. ഇത് പ്രോസസിങ് സമയം കുറക്കുന്നു. വിസ ഫീസും കുറച്ചിട്ടുണ്ട്.
നേരത്തെ കോവിഡ് മഹാമാരിയെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കൽ കോഴ്സുകളിൽ ഉൾപ്പടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ ചൈനീസ് സർവകലാശാലകളിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് കൂടുതൽ വിസ അനുവദിക്കുന്നത് ചൈനയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വളർച്ചയെ സഹായിച്ചേക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
അതേസമയം വൻ തീരുവ ചുമത്തിയ യു.എസിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ വിമാനക്കമ്പനികൾ അമേരിക്കൻ കമ്പനിയായ ബോയിങ് നിർമിക്കുന്ന വിമാനങ്ങൾ വാങ്ങരുതെന്ന് ചൈന സർക്കാർ ഉത്തരവിട്ടു. വിമാനങ്ങൾക്കു പുറമെ, വിമാനഭാഗങ്ങൾ, ഘടകങ്ങൾ എന്നിവക്കും വിലക്കുണ്ട്.
2025-27 കാലയളവിൽ ചൈനയിലെ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ ചേർന്ന് 179 ബോയിങ് വിമാനങ്ങൾ സ്വന്തമാക്കാനിരുന്നതാണ്. നിരോധനത്തെ തുടർന്ന് ചൈനീസ് കമ്പനികൾ യൂറോപ്യൻ കമ്പനിയായ എയർ ബസ്, ചൈനീസ് നിർമാതാക്കളായ കോമാക് എന്നിവയെ ആശ്രയിക്കേണ്ടിവരും.
https://www.facebook.com/Malayalivartha