ഹിനയ്‌ക്കും ബിലാവല്‍ ഭൂട്ടോയ്‌ക്കും പ്രേമപ്പനി
ഹിനയ്‌ക്കും ബിലാവല്‍ ഭൂട്ടോയ്‌ക്കും പ്രേമപ്പനി
പ്രണയം ദിവ്യമാണ്, സാര്‍വ്വലൗകികമാണ്, കാലാതിവര്‍ത്തിയാണ്. പ്രണയത്തേപ്പറ്റി പാടാത്ത കവികളില്ല. പ്രണയച്ചൂടില്‍ ഉരുകാത്ത ഹൃദയങ്ങളുമില്ല. പ്രഥമദര്‍ശനത്തില്‍തന്നെ പ്രണയം മുളപൊട്ടുന്നു. തുടക്കത്തില്‍ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറുന്നു. പിന്നീടു കത്തുകളിലൂടെയും ആശംസാകാര്‍ഡുകളിലൂടെയും ഹൃദയവികാരങ്ങള്‍ പങ്കുവക്കുന്നു. കാമുകന്‍ കാമുകിയെ തന്റെ പ്രണയസാമ്രാജ്യത്തിലെ പട്ടമഹിഷിയായി പ്രഖ്യാപിക്കുമ്പോള്‍ കാമുകി കാമുകനെ തന്റെ ഹൃദയശ്രീകോവിലില്‍ പൂജാവിഗ്രഹമായി പ്രതിഷ്‌ഠിക്കുന്നു. ഇതിനിടയില്‍ കഥയിലെ വില്ലന്‍ രംഗപ്രവേശം ചെയ്യുകയായി. ഇവര്‍ കമിതാക്കളുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും രൂപത്തിലാകാം. അഥവാ കരുണ ലവലേശമില്ലാത്ത കാപാലികസമൂഹത്തിന്റെ വേഷത്തിലാകാം. എന്തായാലും പ്രണയ കല്ലോലിനിയെ നിര്‍വിഘ്‌നം പ്രവഹിക്കാന്‍ ഇവന്‍ സമ്മതിക്കുകയേയില്ല. കമിതാക്കളുടെ മുമ്പില്‍ അവശേഷിക്കുക ഒളിച്ചോട്ടമോ അതുപോലുള്ള കടുത്ത നടപടികളോ ആയിരിക്കും. ഇതിനെല്ലാം സാധാരണയില്‍ കവിഞ്ഞ ധൈര്യവും ഉറപ്പുളള ഒരു നട്ടെല്ലും ഉണ്ടായിരിക്കണം, കാമുകീകാമുകന്‍മാര്‍ക്ക്. ഇവയുടെ അഭാവത്തില്‍ അധികം പ്രണയങ്ങളും കക്ഷികളുടെ മനസ്സിലെ ചിതയില്‍ എരിഞ്ഞൊടുങ്ങുകയാണു പതിവ്.
എന്നാല്‍, ധീരമായൊരു പ്രണയകഥ നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ നിന്നും ഇതാ പുറത്തുവന്നിരിക്കുന്നു. പാക് വിദേശകാര്യമന്ത്രി ഹിനാ റബ്ബാനിയെന്ന മൊഞ്ചത്തിയാണ് ഈ പ്രണയകഥയിലെ ധീരനായിക. ഹിനയുടെ മാദകസൗന്ദര്യത്തില്‍ മയങ്ങിവീണ ചെറുപ്പക്കാരനും നിസ്സാരനല്ല. പാക് പ്രസിഡണ്ട് അസിഫ് അലി സര്‍ദാരിയുടെയും അന്തരിച്ച പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും ഓമനപ്പുത്രന്‍, സാക്ഷാല്‍ ബിലാവല്‍. മുപ്പത്തിനാലുകാരിയും രണ്ടു കുട്ടികളുടെ മാതാവുമായ ഹിനയേക്കാള്‍ പതിനൊന്നു വയസ്സിന് ഇളപ്പമാണെങ്കിലും പദവിയിലും പത്രാസിലും ഒട്ടും കുറയാത്ത ബിലാവല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടാണ്.
ഹിന-ബിലാവല്‍ പ്രണയം മൊട്ടിട്ടിട്ടുകാലം കുറേയായത്രെ. പ്രണയകഥ പരസ്യമായതോടെ ഭര്‍ത്താവും വമ്പന്‍ ബിസിനസ്സുകാരനുമായ ഫിറോസ് ഗുല്‍സാര്‍ ആകെ അങ്കലാപ്പിലായിരിക്കയാണ്. കാര്യത്തിന്റെ നിജസ്ഥിതി അറിയാനായി ഭാര്യയുടെ ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ തേടുകയാണു കക്ഷിയിപ്പോള്‍. മകന്റെ പ്രണയത്തെ ശക്തമായെതിര്‍ക്കുകയാണു പ്രസിഡണ്ട് സര്‍ദാരി. എന്നാല്‍, തന്റെ കരളിന്റെ കരളായ ഹിനയെ വിവാഹം ചെയ്യുന്നതില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമേയില്ലെന്നാണു ബിലാവലിന്റെ നിലപാട്. തന്റെ രാഷ്‌ട്രീയഭാവി ബലികൊടുക്കാനും തയ്യാറാണ് ഈ പ്രണയപരവശന്‍. വിവാഹശേഷം രണ്ടാളും സ്വിറ്റ്‌സര്‍ലണ്ടിലേക്കു പറക്കാനാണത്രെ പദ്ധതി.
കവിയും കാമുകനും ഭ്രാന്തനും ഒരേപോലെ എന്നാണു വിശ്വമഹാകവിയുടെ നിരീക്ഷണം. ഭാവനയുടെ ചിറകുകളിലേറി സങ്കല്‌പലോകങ്ങളില്‍ ചുറ്റിക്കറങ്ങുന്നവരാണിക്കൂട്ടരെല്ലാം. അവരുടെ ലോകം അവരുടേതു മാത്രമാണ്. അവിടുത്തെ ശരിതെറ്റുകളും ന്യായാന്യായങ്ങളുമെല്ലാം നിശ്ചയിക്കുന്നതും അവര്‍തന്നെ.
ഹിന-ബിലാവല്‍ പ്രണയം ഓര്‍മപ്പെടുത്തുന്നതു പ്രണയസാഫല്യത്തിനായി സ്വന്തം സാമ്രാജ്യംതന്നെ കൈവിട്ടുകളഞ്ഞ റോമന്‍ ഭരണാധിപന്‍ മാര്‍ക് ആന്റണി, ലോകൈകസുന്ദരിയായിരുന്ന ഈജിപ്‌റ്റിലെ രാജ്ഞി ക്ലിയോപാട്ര എന്നിവരേയാണ്. പ്രഥമദര്‍ശനത്തില്‍തന്നെ ആന്റണിയും ക്ലിയോപാട്രയും പ്രണയബദ്ധരായി. ആന്റണി വിവാഹിതനായിരുന്നു. ക്ലിയോപാട്രയും പല പുരുഷന്മാരുമായും ബന്ധം പുലര്‍ത്തിയിരുന്നു. എങ്കിലും വിട്ടുപിരിയാന്‍ വയ്യാത്തവണ്ണം അവരുടെ ഹൃദയങ്ങള്‍ തമ്മിലടുത്തു. രാജ്യഭരണത്തില്‍ നിന്നും ശ്രദ്ധതിരിഞ്ഞ ഇരുവരും ഒടുവില്‍ സര്‍വ്വം നഷ്‌ടപ്പെട്ട് അനശ്വരപ്രണയത്തിന്റെ രക്തസാക്ഷികളായി മാറി.
പാക്‌വിദേശകാര്യമന്ത്രി എന്ന നിലയില്‍ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഹിനയും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ ബിലാവലും ശോഭനമായ രാഷ്‌ട്രീയ ഭാവിയുള്ളവരാണ്. ഇതിനെ താറുമാറാക്കുന്ന തരത്തിലുള്ള ഒരു അവിശുദ്ധ പ്രണയ ബന്ധത്തില്‍ അവര്‍ ഏര്‍പ്പെടുമോ എന്നു സംശയിക്കുന്നവര്‍ ധാരാളമുണ്ട്. ഈ പ്രണയ ജോടികള്‍ക്കെതിരെ തീവ്ര മുസ്ലീം സംഘടനകള്‍ ഫത് വ പുറപ്പെടുവിച്ചതായാണു സൂചന. എന്തായാലും ഇരുവരും ഇതേവരെ കമാന്നൊരക്ഷരം `മുണ്ടിയിട്ടില്ല.'
https://www.facebook.com/Malayalivartha