ഗര്‍ഭാശയത്തില്‍ വച്ചുണ്ടായ രക്തനഷ്‌ടം അജ്ഞാതം : കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടി
ഗര്‍ഭാശയത്തില്‍ വച്ച് 80 ശതമാനം രക്തം നഷ്‌ടപ്പെട്ട കുഞ്ഞിന്റെ ജീവന്‍ രക്തം നല്‍കി രക്ഷിച്ചു. കുഞ്ഞ് ജനിച്ചപ്പോള്‍ വിളറി വെളുത്ത് പ്രേതത്തെ പോലെയായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ഇതിന്റെ കാരണമറിയാന്‍ ഡോക്‌ടര്‍മാര്‍ കുട്ടിയുടെ രക്തം പരിശോധിക്കാന്‍ പോയപ്പോഴാണ് രക്തകുറവിന്റെ കാര്യം മനസിലാകുന്നത്. പക്ഷെ ഇതെങ്ങനെ സംഭവിച്ചെന്ന് ഡോക്‌ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ കുഴങ്ങുകയാണ്.
ആറാഴ്‌ച മുമ്പാണ് കാലിഫോര്‍ണിയയിലെ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററില്‍ വൈദ്യശാസ്‌ത്രത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന സംഭവമുണ്ടായത്. പ്രസവ തീയതിക്കു മൂന്നാഴ്‌ച മുമ്പ് ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ ചലനം പെട്ടെന്ന് നിലച്ചതിനെ തുടര്‍ന്ന് ജെന്നിഫര്‍ ജൂറാസ് എന്ന യുവതി ആശുപത്രിയില്‍ എത്തി. അമ്മ സമയോചിതമായി വൈദ്യസഹായം തേടിയതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. അവര്‍ ഒരു മണിക്കൂര്‍ കൂടി താമസിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഡോക്‌ടറായ ന്യൂയെന്‍ പറഞ്ഞു.
സാധാരണയായി അപകടം, മുറിവ് മറുപിള്ള പൊട്ടല്‍ തുടങ്ങിയ കാരണത്താലാണ് രക്തനഷ്‌ടം ഉണ്ടാകാറുള്ളത്. എന്നാല്‍ ജൂറാസിന്റെ കാര്യത്തില്‍ ഇങ്ങനെയൊന്നുമുണ്ടായില്ല. എന്തൊക്കെയായാലും കുഞ്ഞ് ഇപ്പോള്‍ സുഖമായും ആരോഗ്യത്തോടുകൂടിയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha