ചൈനയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ 86000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവ് അനധികൃതമായി സമ്പാദിച്ച 1450 കോടി ഡോളര്‍ (86,000 കോടി രൂപ) വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പൊതു സുരക്ഷാ മേധാവിയുമായിരുന്ന സുവോ യോങ്കാങ്ങിന്റെ കുടുംബാംഗങ്ങളില്‍ നിന്നാണ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്. 35,000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, 16,300 കോടി രൂപ വിലമതിക്കുന്ന 300 അപ്പാര്‍ട്ട്‌മെന്റുകള്‍, 60 വാഹനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 1000 കോടി രൂപയുടെ ചിത്രങ്ങളും കോടികണക്കിന് രൂപ വിലമതിക്കുന്ന ബോണ്ടുകളും നിക്ഷേപങ്ങളും പുരാവസ്‌തുക്കളും കണ്ടുകെട്ടി. കഴിഞ്ഞ നവംബറിലാണ് സുവോക്കെതിരെ അന്വേഷണം നടത്താന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് നിര്‍ദ്ദേശിച്ചത്. കൂടാതെ സുവോയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ സുവോ കൂട്ടാക്കിയില്ല. ഗുവോയെ വീട്ടു തടങ്കലിലാക്കിയശേഷമാണ് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ സംഘം അന്വേഷണം തുടങ്ങിയത്. സുവോയും ഭാര്യയും,മകനും ഉള്‍പ്പെടെ പത്തുപേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. എഴുപത്തൊന്നുകാരനായ സുവോയുടെ അഴിമതിയെക്കുറിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2007 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന സുവോ 2012-ലാണ് പദവിയൊഴിഞ്ഞത്. അഴിമതിക്കുറ്റം തെളിഞ്ഞതിനെതുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ബോഷിലായിയെ നേരത്തെ കമ്യൂണിസ്റ്റ് ഭരണകൂടം തടവിന് ശിക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha