വീണ്ടുമൊരു ഇറ്റാലിയന്‍ കോഴ, പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പി.കള്‍ക്കായി വാങ്ങിയ ഹെലികോപ്‌ടര്‍ ഇടപാടില്‍ വന്‍ അഴിമതി, മുന്‍ വ്യോമസേന മേധാവിക്കും പങ്ക്
ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍തുക കോഴ നല്‍കിയെന്ന് ആരോപിച്ച് ഫിന്‍മെക്കാനിക്ക കമ്പനിയുടെ തലവനെ ഇറ്റലിയിലെ മിലാനില്‍ അറസ്റ്റു ചെയ്തിരുന്നു.
ഇടപാടില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇറ്റലി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിക്കും പങ്കുണ്ടെന്ന് പറയപ്പെടുന്നു. ത്യാഗിയുടെ അടുത്ത ബന്ധുക്കളായ ജൂലി, ഡോക്‌സ, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് ഒരു ലക്ഷം യൂറോ വീതം ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആരോപണം എസ്.പി ത്യാഗി നിഷേധിച്ചു. താന്‍ വിരമിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് കരാറുണ്ടായതെന്നും തന്റെ ബന്ധുക്കള്‍ക്കാര്‍ക്കും കരാറുമായി ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.
അറസ്റ്റ് വാര്‍ത്ത പുറത്തുവന്ന ഉടനെ ഇടപാടിനെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രാലയം നിര്‍ദേശിച്ചു. ഫിന്‍മെക്കാനിക്ക സി.ഇ.ഒ.യും ചെയര്‍മാനുമായ ഗൈസപ്പ് ഓര്‍സിയെയാണ് മിലാനില്‍ ഇറ്റാലിയന്‍ പോലീസ് അറസ്റ്റുചെയ്തത്.
അറസ്റ്റിലായ ഓര്‍സിയുടെ വീട്ടിലും ഫിന്‍മെക്കാനിക്കയുടെ ആസ്ഥാനത്തും തിരച്ചില്‍ നടന്നു. മറ്റൊരു സി.ഇ.ഒ. ബ്രൂണോ സ്പാഗേനാലിനി വീട്ടുതടങ്കലിലാണ്. ഇറ്റാലിയന്‍ സര്‍ക്കാറിന് 30 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ഫിന്‍മെക്കാനിക്ക. കഴിഞ്ഞ മൂന്നുവര്‍ഷമായി വിദേശത്തും സ്വദേശത്തുമായി നടന്ന ഒട്ടേറെ ഇടപാടുകളില്‍ കമ്പനി വന്‍തുക കൈക്കൂലി നല്‍കിയെന്ന് ആരോപണമുണ്ട്. ഇതേക്കുറിച്ചെല്ലാം അന്വേഷണവും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha