മുങ്ങുന്ന കപ്പലില്‍നിന്ന് വിദ്യാര്‍ഥികള്‍ ജീവനുവേണ്ടി കെഞ്ചി
കഴിഞ്ഞയാഴ്ച അപകടത്തില്‍പ്പെട്ട ദക്ഷിണ കൊറിയന്‍ കപ്പലില്‍നിന്ന് ജീവനുവേണ്ടി കെഞ്ചി ഒട്ടേറെ വിദ്യാര്‍ഥികള്‍ ഫോണ്‍ വിളിച്ചതായി അഗ്നിശമനസേനാ അധികൃതര്‍. സേനയുടെ നമ്പറായ '119'-ലേക്കായിരുന്നു കോളുകള്‍ വന്നത്. അപകടവിവരം ആദ്യമായി വിളിച്ചുപറഞ്ഞതും കപ്പലിലുണ്ടായിരുന്ന വിദ്യാര്‍ഥിയായിരുന്നു. കപ്പല്‍ മുങ്ങുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ചായിരുന്നു കോള്‍. അഗ്നിശമനസേനാ സന്ദേശം കോസ്റ്റ്ഗാര്‍ഡിന് കൈമാറി. ഈ വിദ്യാര്‍ഥിയെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇതിനുപിന്നാലെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിറയാര്‍ന്ന ശബ്ദത്തില്‍ 20-ലേറെ വിദ്യാര്‍ഥികള്‍ ഈ നമ്പറിലേക്ക് വിളിച്ചതായി അഗ്നിശമനസേനാ അധികൃതര്‍ വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 476 പേരില്‍ 339-ഉം വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികളായിരുന്നു.
അപകടത്തില്‍ മരിച്ച 108 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 190 യാത്രക്കാരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച ഒട്ടേറെ ക്യാബിനുകള്‍ തുറന്നു പരിശോധിക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് സാധിച്ചു. കപ്പലിന്റെ റെസ്റ്റോറന്റില്‍ പ്രവേശിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ ഒട്ടേറെപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. കപ്പല്‍ ഉയര്‍ത്തുന്നതിന് വെള്ളത്തിനടിയില്‍ നീങ്ങാന്‍ കഴിവുള്ള യന്ത്രമനുഷ്യനെ ഉപയോഗപ്പെടുത്താനാനാണ് അധികൃതരുടെ ശ്രമം. ഇതിന്റെ ഭാഗമായി റോബോട്ടിനെ തുറമുഖത്തേക്ക് എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha