ഹെലികോപ്‌ടര്‍ അഴിമതിയില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്ക്, ഇടനിലക്കാരന് കിട്ടിയത് 20 മില്യണ്‍ യൂറോ
ഇറ്റലിയില്‍ നിന്നും കൂടുതല്‍ പേരുടെ പങ്ക് വെളിവാകുകയാണ്. വിവാദമായ ഹെലികോപ്റ്റര്‍ ഇടപാടുമായി മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയ്ക്ക് മാത്രമല്ല മറ്റു രണ്ടു ഉന്നത സൈനികഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ഇറ്റാലിയന്‍ അന്വേഷണ റിപ്പോര്‍ട്ട്. അതൊരു ബ്രിഗേഡിയറും കേണലുമാണ്. ത്യാഗിയെ ആറോ ഏഴോ തവണ കണ്ടതായി ഇടനിലക്കാരന്‍ ഗീഡോ ഹാഷ്‌കെ മൊഴി നല്‍കിയിട്ടുണ്ട്. ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് ഇയാള്‍ മൊഴി നല്‍കിയത്. ബാംഗ്ലൂരില്‍ എയര്‍ഷോ നടന്ന സമയത്തും അദ്ദേഹത്തെ കണ്ടുവെന്നും അന്ന് അദ്ദേഹം സൈനിക യൂണിഫോമിലാണ് എത്തിയതെന്നും ഇയാള്‍ പറയുന്നു. കൂടാതെ ബ്രിട്ടണില്‍ വെച്ചും ദുബായിയില്‍ വെച്ചും ഇടനിലക്കാരുടെ യോഗം അരങ്ങേറി. ത്യാഗി പലതവണ കമ്മീഷന്‍ ആവശ്യപ്പെട്ടു. അഞ്ചു ലക്ഷം പൗണ്ട് ബ്രിഗേഡിയറും ആവശ്യപ്പെട്ടു.
ഇടപാടിന്റെ കമ്മീഷനായി 20 മില്യണ്‍ യൂറോ ലഭിച്ചുവെന്നും ഇതില്‍ 12 മില്യണ്‍ ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോക്‌സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. ത്യാഗി സഹോദരന്മാരുടെ ഓഫീസില്‍ വെച്ചും വീട്ടില്‍ വെച്ചുമാണ് വ്യോമസേനാ മേധാവിയെ കണ്ടത്. ഹെലികോപ്റ്ററുകളുടെ നിബന്ധനകള്‍ സംബന്ധിച്ച് ഈ കൂടിക്കാഴ്ചകള്‍ക്കിടയില്‍ ചര്‍ച്ച നടത്തിയെന്നും ഹാഷ്‌കെ വെളിപ്പെടുത്തിട്ടുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എസ്.പി ത്യാഗി നിഷേധിച്ചു. ഗീഡോ ഹാഷ്‌കെയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ ത്യാഗി ഇറ്റലി നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരനെന്ന് കണ്ടെത്തിയ കാര്‍ലോ എന്നയാളെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയതായി സമ്മതിച്ചു. എന്നാല്‍ , അയാളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha