ശ്രീലങ്കന്‍ സൈന്യം തമിഴ് വംശജരെ ലൈംഗികമായും പീഡിപ്പിച്ചു, ഉത്‌കണ്‌ഠയോടെ ഇന്ത്യയിലെ തമിഴ് ജനത
ശ്രീലങ്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ ഒന്നൊന്നായി പുറത്താവുകയാണ്. എല്‍ടിടി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ നിഷ്‌കളങ്കനായ മകനെ സൈന്യം കൊലപ്പെടുത്തിയത് കണ്ട് ലോകം ഞെട്ടിയിരിക്കുന്ന സമയത്താണ് ശ്രീലങ്കയില്‍ നിന്നുമുള്ള പുതിയ പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. സ്‌ത്രീകളെന്നോ കുട്ടികളെന്നോ ഉള്ള പരിഗണനപോലും നല്‍കാതെ വംശീയമായി അധിഷേപിച്ച് പീഡിക്കുകയാണ്. തങ്ങളുടെ സഹോദരങ്ങള്‍ക്ക് നേരിടുന്ന ഈ പീഡനങ്ങളില്‍ മനംനൊന്ത് കഴിയുകയാണ് ഇന്ത്യയിലെ തമിഴ് ജനത.
തമിഴ് പുലികളുമായുള്ള ബന്ധം ആരോപിച്ച് തടവിലാക്കിയ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും പുരുഷന്മാരെയും സേന ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് ഹ്യൂമന്‍റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. 2006 മുതല്‍ 2012 വരെയുള്ള കാലത്താണ് പീഡനങ്ങള്‍ നടന്നതെന്ന് 140 പേജുള്ള പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തേ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശ്രീലങ്ക ഇതെല്ലാം നിഷേധിച്ചിരുന്നു.
2009-ല്‍ തമിഴ്പുലികളെ സേന പൂര്‍ണമായും പരാജയപ്പെടുത്തി. പോരാട്ടത്തില്‍ ഒരു ലക്ഷം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആഭ്യന്തരയുദ്ധത്തിനിടെ സേന തടവുകാരാക്കിയവരാണ് ക്രൂരതകള്‍ക്കിരയായത്. ഹ്യൂമന്‍റൈറ്റ്‌സ് വാച്ച് ലൈംഗീകപീഡനം നടന്ന 75 സംഭവങ്ങളാണ് പുറത്തുകൊണ്ടുവന്നത്. 31 പുരുഷന്മാര്‍ക്കെതിരെയും 41 സ്ത്രീകള്‍ക്കെതിരെയും മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരെയും ലൈംഗികാതിക്രമം നടന്നെന്നാണ് ആരോപണം.
മുമ്പ് തടങ്കലിലായിരുന്നവരും ഇപ്പോള്‍ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി, ഇന്ത്യ, മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളില്‍ കഴിയുന്നവരുമാണ് ഹ്യൂമന്‍റൈറ്റ്‌സ് വാച്ചിനോട് പീഡനകഥകള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. മിക്ക സംഭവങ്ങളിലും തെളിവുകളായി വൈദ്യപരിശോധനാരേഖകളും ഹാജരാക്കിയിട്ടുണ്ട്. യൂണിഫോമില്ലാത്ത സേനാംഗങ്ങള്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എല്‍.ടി.ടി.ഇ. പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചായിരുന്നു പീഡനങ്ങള്‍. കുറ്റസമ്മതമൊഴിയില്‍ ഒപ്പിടാന്‍ പറഞ്ഞായിരുന്നു ഉപദ്രവങ്ങളിലേറെയും.
തന്നെ അജ്ഞാതമായ സ്ഥലത്ത് തടവില്‍ വെച്ച് പീഡിപ്പിച്ചതായി 23 വയസ്സുള്ള യുവാവ് മനുഷ്യാവകാശ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന്ദിവസം തടവില്‍ വെച്ച് മാറിമാറി ബലാത്സംഗം ചെയ്തതായി 32-കാരിയായ യുവതിയും വിവരിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു ഇരുവരെയും പീഡിപ്പിച്ചത്. മറ്റുള്ളവര്‍ക്കും സമാനമായ അനുഭവങ്ങളാണ് പറയാനുള്ളത്. ലൈംഗികപീഡനത്തിനു പുറമേ കൈകളില്‍ കെട്ടിത്തൂക്കിയിടുക, സിഗററ്റ് കൊണ്ട് പൊള്ളിക്കുക, ശ്വാസംമുട്ടിച്ച് മൃതപ്രായരാക്കുക തുടങ്ങിയവയും പീഡനമുറകളില്‍പ്പെടുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ചശേഷവും പീഡനം തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha