വെനസ്വേലന്‍ പോരാളിക്ക് വിട: ഹ്യൂഗോ ഷാവേസ് അന്തരിച്ചു
വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58)അന്തരിച്ചു. കുറേ നാളുകളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധ മൂര്‍ച്ചിച്ചതാണ് മരണകാരണം. കാരക്കാസിലെ സൈനിക ആശുപത്രിയില്‍ വെനസ്വേലന്‍ സമയം ചൊവ്വാഴ്‌ച വൈകുന്നേരം 4:25 നായിരുന്നു ഷാവേസിന്റെ അന്ത്യം.
2011 ല്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ക്യൂബയില്‍ ചികിത്സയിലായിരുന്നു. ക്യൂബയില്‍ നാലുപ്രാവശ്യം ശസ്‌ത്രക്രിയക്ക് വിധേയനായശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്ത് തിരിച്ചെത്തിയത്. തുടര്‍ന്ന് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ കീമോതെറാപ്പി തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
1998ലാണ് ഷാവേസ് വെനിസ്വേലയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. 2012ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷാവേസിനു രോഗാവസ്ഥയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെട്ട് സത്യപ്രതിജ്ഞ മാറ്റിവെപ്പിച്ചിരുന്നു. അതിനിടെ അര്‍ബുദത്തെ അതിജീവിച്ച് ഷാവേസ് ജീവിതത്തിലേക്ക് മടങ്ങി വന്നതായി ഓദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. 14 വര്‍ഷം പ്രസിഡന്റായിരുന്ന ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് വെനസ്വേലയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha