മലേഷ്യന്‍ വിമാനം അബദ്ധത്തില്‍ വെടിവച്ചു വീഴ്‌ത്തിയതാണെന്ന് വിമതരുടെ വെബ്‌സൈറ്റ്
ക്വാലാലംപൂരിലേക്ക് പോകവെ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം റഷ്യന്‍ അനുകൂല വിമതര്‍ അബദ്ധത്തില്‍ വെടിവച്ചു വീഴ്‌ത്തിയതാണെന്ന് വിമതരുടെ വെബ്‌സൈറ്റ്. ഡോണെറ്റസ് പീപ്പിള്‍സ് റിപ്പബ്ലിക് എന്ന സ്വയം പ്രഖ്യാപിത സംഘടനയുടെ ഉന്നത സൈനിക കമാന്‍ഡറാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഉക്രൈന്‍ സൈനികരുടെ ചരക്കു വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് വിമതര്‍ വെടിവച്ചു വീഴ്‌ത്തിയതെന്ന് സൈറ്റില്‍ പറയുന്നു.
റഷ്യന്‍ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ഡോണെറ്റ്‌സ് പട്ടണത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. അതിനിടെ വിമാനം വീഴത്തിയ ശേഷം റഷ്യന്‍ അനുകൂല വിമതര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉക്രൈന്‍ പുറത്തുവിട്ടു.
ആദ്യത്തേതില്‍ വിമത കമാന്‍ഡര്‍ ഇഗോര്‍ ബെസ്‌ലര്‍ വിമാനം വീഴ്‌ത്തിയതായി റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോട് പറയുന്ന സംഭാഷണങ്ങളാണുള്ളത്. രണ്ടാമത്തെ സംഭാഷണത്തില്‍ അപകട സ്ഥലത്ത് നിന്ന് വിമതരില്‍ ഒരാള്‍ മറ്റൊരാളോട് അപകടം നടന്ന സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പറയുന്നതാണ്. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ പതിനായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
280 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടതായാണ് വിവരം. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന ബുക് മിസൈല്‍ പ്രയോഗിച്ചു വിമതരാണു വിമാനം തകര്‍ത്തതെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വക്താവ് ആരോപിച്ചു.
റഷ്യന്‍ അനുകൂലികളായ കലാപകാരികളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ പ്രദേശം. വിമാനാവശിഷ്‌ടങ്ങളും മൃതശരീരങ്ങളും കിലോമീറ്ററോളം ചിതറികിടക്കുകയാണ്. വാഹനത്തില്‍ കൊണ്ടു പോകാവുന്ന വിക്ഷേപിണിയില്‍ നിന്നാണു മിസൈല്‍ പ്രയോഗിച്ചതെന്നാണു സൂചന. എസ്‌എ-17 ഗ്രിസ്‌ലി എന്നറിയപ്പെടുന്ന വിമാനവേധ മിസൈല്‍ സംവിധാനമാണു ബുക് . പറന്നു കൊണ്ടിരിക്കുന്ന വിമാനത്തെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ കഴിയുന്ന ഈ മിസൈലിന് ഒരേസമയം വിവിധ ദിശകളിലായി ആറു ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ കഴിയും. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്കു പോകുന്നതു റഷ്യയുടെയും യുക്രൈനിന്റേയും വ്യോമരേഖയിലൂടെയാണ്. ആംസ്റ്റര്‍ ഡാമില്‍ നിന്ന് 12.14 നു പുറപ്പെട്ട വിമാനം ക്വാലാലംപൂരില്‍ 6.10 ന് എത്തേണ്ടതായിരുന്നു.
മലേഷ്യന്‍ യാത്രാവിമാനം വന്‍ ദുരന്തത്തിനു ഇടയാകുന്നത് രണ്ടാം തവണയാണ്. ക്വാലാലംപൂരില്‍ നിന്ന് ബെയ്‌ജിങ്ങിലേക്ക് 239 പേരുമായി പുറപ്പെട്ട വിമാനം പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴും അതിനെകുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha