ഗാസയില്‍ ഇസ്രായേല്‍ കരയാക്രമണം രൂക്ഷം; മരണസംഖ്യ 300 കവിഞ്ഞു
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗാസയില്‍ ഇസ്രായേല്‍ രൂക്ഷമായ കരയാക്രമണം ആരംഭിച്ചു.കരയാക്രമണത്തെ തുടര്‍ന്ന് ഇന്നലെ മാത്രം 18 വയസ്സില്‍ താഴെയുള്ള 15 പേരടക്കം 58 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ രണ്ടാഴ്ച നീണ്ട ആക്രമണത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 307 ആയി. അതിനിടെ ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തി. നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
ഹമാസിനെതിരയാണ് നീക്കമെന്ന് ഇസ്രായേല്‍ പറയുമ്പോഴും കൊല്ലപ്പെടുന്നവരില്‍ ഏറെയും നിരപരാധികളാണ്. വ്യോമാക്രമണം തുടങ്ങിയശേഷം ഇതുവരെ ഗാസയില്‍ 2000ത്തോളം ബോംബുകളാണ് ഇസ്രായേല്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. ഗാസയില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വെള്ളിയാഴ്ചത്തോടെ ഇരട്ടിയായി വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. 34 യുഎന്‍ കേന്ദ്രങ്ങളിലായി നാല്‍പതിനായിരത്തിലേറെ പേര്‍ കഴിയുന്നതായും യുഎന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസുമായും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ ചര്‍ച്ച നടത്തി. കരയുദ്ധം വ്യാപിപ്പിക്കുന്നതില്‍ തന്റെ ആശങ്ക മാര്‍പ്പാപ്പ ഇരുനേതാക്കളെയും അറിയിച്ചു എന്നാല്‍ ഇസ്രായേലിന്റെ നീക്കം ഹമാസിനെയോ പലസ്തീന്‍ ജനത്തെയോ ഭയപ്പെടുത്തുന്നില്ലെന്നാണ് ഹമാസ് നേതാക്കളുടെ നിലപാട് . അതേസമയം ഹമാസിനെതിരായ നീക്കം വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. 30,000 സൈനികരെയാണ് കരയുദ്ധത്തിനായി ഇസ്രായേല്‍ വിന്യസിച്ചിരിക്കുന്നത്. അതിനിടെ തെക്കന്‍ ഗാസയിലെ വിമാനത്താവളത്തിനു നേരെയും വടക്കന്‍ ഗാസയിലെ ആശുപത്രിക്കു നേരെയും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha