കോമണ്‍വെല്‍ത്ത് ഗെയിംസ് എലിസബത്ത് രാജ്ഞി ഉല്‍ഘാടനം ചെയ്തു
സ്കോട്ലന്‍ഡിലെ പ്രമുഖ ഫുട്ബോള്‍ ക്ലബായ സെല്‍ട്ടിക്കിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആഘോഷച്ചടങ്ങില്‍ എലിസബത്ത് രാജ്ഞി കോമണ്‍വെല്‍ത്ത് ഗെയിംസ് ഉല്‍ഘാടനം ചെയ്തു. കോമണ്‍വെല്‍ത്ത് ബാറ്റണില്‍ നിന്നുള്ള തന്റെ സന്ദേശം വായിച്ചുകൊണ്ടാണ് എലിസബത്ത് രാജ്ഞി ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 71 രാജ്യങ്ങളില്‍ നിന്നുള്ള 4,500 അത്ലിറ്റുകളെയും, സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ നാല്പതിനായിരത്തോളം കാണികളെയും സാക്ഷികളാക്കിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢഗംഭീര തുടക്കം കുറിച്ചത്.
മൂന്നു മണിക്കൂര്‍ നീണ്ട ഉദ്ഘാടനച്ചടങ്ങുകള്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. ഉദ്ഘാടനചടങ്ങുകളില്‍ രണ്ടായിരത്തോളം വരുന്ന കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. 288 ദിവസങ്ങളിലായി, 1,20,000 മൈലുകള്‍ താണ്ടിയ കോമണ്‍വെല്‍ത്ത് ബാറ്റണുമായി സാഹസിക താരം മാര്‍ക്ക് ബ്യൂമോണ്ട് ഒരു സീ പ്ലെയിനില്‍ നഗരത്തിലെ ക്ലൈഡി നദിയില്‍ വന്നിറങ്ങുകയായിരുന്നു.
കായികരംഗത്തിലൂടെ കുട്ടികളെ മികവിലേക്ക് നയിച്ച ഒരു സംഘം വാളണ്ടിയര്‍മാരുടെ കൈകളിലേക്ക് സ്റ്റേഡിയത്തില്‍ വച്ച് ബാറ്റണ്‍ കൈമാറി. അവസാനഘട്ടത്തില്‍ ബാറ്റണ്‍ മലേഷ്യയുടെ ഇംറാന്‍ രാജകുമാരന് കൈമാറി. അദ്ദേഹം ബാറ്റണ്‍ തുറന്ന് സന്ദേശം എടുത്ത് രാജ്ഞിക്ക് കൈമാറി. തുടര്‍ന്നായിരുന്നു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം. സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കു പുറമേ, പ്രത്യേകമായി സജ്ജീകരിച്ചിരുന്ന എല്‍ഇഡി സ്ക്രീനിലൂടെയും പതിനായിരങ്ങള്‍ ചടങ്ങുകള്‍ വീക്ഷിച്ചു. 100 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുള്ള പടുകൂറ്റന്‍ സ്ക്രീനാണ് ഇതിനായി തയാറാക്കിയത്. തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ 71 രാജ്യങ്ങളിലെയും താരങ്ങള്‍ അണിനിരന്നു. ഷൂട്ടിങ് താരം വിജയ് കുമാറാണ് ഇന്ത്യന്‍ പതാക വഹിച്ചത്.
https://www.facebook.com/Malayalivartha