ഉദ്യോഗസ്ഥ ശുദ്ധീകരണത്തിനു ചൈനയില്‍ പെരുമാറ്റച്ചട്ടം
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സത്‌സ്വഭാവികളാക്കി തീര്‍ക്കാന്‍ ചൈനീസ് ഭരണകൂടം പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ സേവന തത്‌പരത, സത്യസന്ധത, സ്വഭാവ ശുദ്ധി എന്നീ ഗുണങ്ങള്‍ ഉള്ളവരായിരിക്കണമെന്നു ഗവണ്‍മെണ്ട് നിര്‍ദ്ദേശിക്കുന്നു. ഇത് ഉറപ്പു വരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ അനുവര്‍ത്തിക്കേണ്ട സദാചാര സംഹിതകള്‍ അടങ്ങിയ ലഘുലേഖകള്‍ ഗവണ്‍മെണ്ടു പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
കണ്‍ഫ്യൂഷിയസ്, ലാവോത് സെ അടക്കമുള്ള ആചാര്യന്മാരുടെ ചരിത്രവും ബോധനങ്ങളും ഉള്‍ക്കൊള്ളുന്ന ലഘുലേഖകളോടൊപ്പം ആധുനിക സമൂഹത്തില്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ധാര്‍മ്മികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായിരിക്കണം എന്ന ഉദ്‌ബോധനവും ഒത്തുചേരുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബെയ്‌ജിംഗ് അച്ചടക്ക സമിതിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി അഴിമതി ചൈനീസ് സമൂഹത്തെ ഗ്രസിച്ചിരിക്കയാണെന്നു കമ്യൂണിസ്റ്റുപാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡണ്ട് ഹുജിണ്ടാവോ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നേതാക്കള്‍ ഉദ്യോഗസ്ഥരുടെ അഴിമതിയെയും കുത്തഴിഞ്ഞ പെരുമാറ്റത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ബെയ്‌ജിംഗ് സാമൂഹ്യശാസ്‌ത്ര അക്കാദമിയിലെ വിദഗ്‌ധരാണ് അഴിമതി വിരുദ്ധ ലഘു ലേഖകള്‍ക്കു രൂപം നല്‌കിയിട്ടുള്ളത്. ``തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മനസ്സാക്ഷിക്കനുസരിച്ചാണോ നിര്‍വ്വഹിക്കുന്നത് എന്നുള്ളതാണ് ഒരു നല്ല ഉദ്യോഗസ്ഥനും ചീത്ത ഉദ്യോഗസ്ഥനും തമ്മിലുള്ള വ്യത്യാസം.'' ലഘുലേഖയുടെ ആമുഖത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha