ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിച്ചു
യുഎസും യുഎന്നും മുന്‍കൈയെടുത്തു നടപ്പാക്കിയ ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് രണ്ടു മണിക്കൂര്‍ ആയുസ് കൂടി ഉണ്ടായിരുന്നില്ല. വെടിനിര്‍ത്തി രണ്ടു മണിക്കൂര്‍ തികയും മുമ്പ് വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ 50 പലസ്‌തീന്‍കാര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. രണ്ട് ഇസ്രയേല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
24 ദിവസം പിന്നിട്ട പോരാട്ടത്തില്‍ ഇതിനകം 1509 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. 7000 പേര്‍ക്കു പരിക്കേറ്റു. രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 63 ഇസ്രയേല്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റ സൈനികരുടെ എണ്ണം 400ല്‍ അധികമാണ്. മൂന്ന് ഇസ്രയേല്‍ പൗരന്മാരും ഒരു തായ് പൗരനും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ഹമാസും ഇസ്രയേലും പരസ്‌പരം കുറ്റപ്പെടുത്തുകയാണ്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയശേഷം കയ്‌റോയില്‍ സന്ധിസംഭാഷണത്തിനും പദ്ധതി തയാറാക്കിയിരുന്നു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് 90 മിനിറ്റിനകം ഹമാസ് തങ്ങളുടെ സൈനികരുടെ നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രയേലികള്‍ പറഞ്ഞു. ദക്ഷിണഗാസയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള തുരങ്കങ്ങളില്‍ പരിശോധന നടത്തിയ സൈനികരുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഏഴ് ഭീകരരെ തുരങ്കങ്ങളില്‍ കണ്ടെത്തി. ഒരു ഭീകരന്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു. ഇതെത്തുടര്‍ന്ന് ഹമാസ്‌ഭീകരരും ഇസ്രയേല്‍ സൈന്യവും തമ്മില്‍ നടന്ന വെടിവയ്‌പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്നു സൈനിക വക്താവ് ലഫ്‌റ്റനന്റ് കേണല്‍ പീറ്റര്‍ ലേര്‍ണര്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ ലംഘിച്ച ഹമാസിന്റെ നടപടിയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും അപലപിച്ചു.
https://www.facebook.com/Malayalivartha