ഗണിതശാസ്ത്ര നൊബേല്‍ പുരസ്കാരം മഞ്ജുള്‍ ഭാര്‍ഗവയ്ക്ക്
ഗണിതശാസ്ത്ര നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡലിന് ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവ അര്‍ഹനായി. ഇന്ത്യക്കാരനായ ഒരാള്‍ക്ക് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
കനേഡിയന്‍ - അമേരിക്കന്‍ ഗണിത മാന്ത്രികന് എന്നാണ് മഞ്ജുള്‍ ഭാര്‍ഗവ അറിയപ്പെടുന്നത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത ശാസ്ത്രജ്ഞനാണ്. ഗണിത ജ്യോമിട്രിയില് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയതിനാണ് ഇദ്ദേഹത്തിന് പുസ്കാരം ലഭിച്ചത്. ഇന്ത്യന്‍ വംശജനാണെങ്കിലും കാനഡയിലെ ഒന്റാറിയോയിലാണ് അദ്ദേഹം ജനിച്ചത്. നാലു വര്‍ഷത്തില്‍ ഒരിക്കലാണ് ഫീല്‍ഡ് മെഡല്‍ നല്‍കാറുള്ളത്. നാലു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്റെ രാജ്യാന്തര കോണ്‍ഗ്രസിലാണ് പുരസ്കാരം സമ്മാനിക്കുന്നത്. 15,000 ഡോളറാണ് സമ്മാനത്തുക.
ഫീല്‍ഡ് മെഡലിന്റെ 78 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു സ്ത്രീക്ക് ഈ പുരസ്കാരം ആദ്യമായി ലഭിച്ചു എന്ന പ്രത്യേകതയും 2014 നുണ്ട്. ഇറാനിയന്‍ വംശജയായ മറിയം മിര്സാഖാനിയാണ് ഫീല്‍ഡ് മെഡല്‍ നേടുന്ന ആദ്യ വനിത.
ബ്രിട്ടനില്‍ വാര്‍വിക് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന 38-കാരനായ ഓസ്ട്രിയന്‍ ഗണിതവിദഗ്ധന്‍ മാര്ട്ടിന് ഹെയ്രര്, പാരീസില്‍ മാത്തമാറ്റിക്സ് ഓഫ് ജുസ്സ്യൂ ഇന്സ്റ്റിട്ട്യൂട്ടില് പ്രവര്‍ത്തിക്കുന്ന 35-കാരനായ ബ്രസീലിയന്‍ വംശജന് ആര്‍തര്‍ അവില എന്നിവരാണ് 2014 ലെ ഫീല്‍ഡ് മെഡലിന് അര്‍ഹരായ മറ്റ് രണ്ടുപേര്‍.
https://www.facebook.com/Malayalivartha