ഇനി ഫ്രാന്‍സിസ് മാര്‍പാപ്പ: മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ പൂര്‍ത്തിയായി
ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റു. റോമന്‍ കത്തോലിക്കാ സഭയുടെ 266-ാമത്തെ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ കാണാന്‍ പത്തുലക്ഷത്തോളം പേരാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയത്.രണ്ടുമണിക്കൂറോളം ചടങ്ങുകള്‍ നീണ്ടു നിന്നു. പരിസ്ഥിതിയേയും,ഭാവി തലമുറയേയും,പാവപെട്ടവരേയും സംരക്ഷിക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ ലത്തീന്‍ ഭാഷയില്‍ 9.30 ന് വിശുദ്ധ കുര്‍ബാന തുടങ്ങി. മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍ സഭയിലെ മുഴുവന്‍ കര്‍ദിനാള്‍മാരും സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ സുവിശേഷ വായന ഗ്രീക്ക് ഭാഷയിലും പ്രാര്‍ഥനകള്‍ മറ്റു ഭാഷകളിലുമാണ് ക്രമീകരിച്ചിരുന്നത്.
വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചുതന്നെ മാര്‍പാപ്പയുടെ സ്ഥാനിക ചിഹ്നങ്ങളായ പാലിയവും മോതിരവും ഏറ്റുവാങ്ങി. കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആഞ്ചലോ സൊഡാനോയാണു മോതിരം അണിയച്ചത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ കര്‍ദിനാള്‍ ഷാന്‍ ലൂയീസ് ടൗരാന്‍ പാലിയം ധരിപ്പിച്ചു.
അര്‍ജന്റീനയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് മരിയോ ബര്‍ഗോളിയോ ആണ് ഫ്രാന്‍സിസ് എന്ന നാമം സ്വീകരിച്ച് മാര്‍പാപ്പയായി അവരോധിതനായത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്‌തതോടെയാണ് പുതിയ മാര്‍പാപ്പയെ തെരെഞ്ഞെടുത്തത്.
ഇന്ത്യയില്‍ നിന്ന് പി.ജെ.കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാനില്‍ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷികളാകാന്‍ എത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha