മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്നത് രാഷ്ട്രീയ പ്രേരിതം: പാക് ആവശ്യം ഇന്റര്‍പോള്‍ തള്ളി
പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന പാക് ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ തള്ളി. പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇന്റര്‍പോളിനോട് മുഷറഫിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ പ്രസിഡന്റ് മുഷാറഫിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ ഇന്റര്‍പോളിനെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്റെ ആവശ്യം ഇന്റര്‍പോള്‍ തള്ളുന്നത്.
2008ല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് മുഷറഫ് രാജ്യം വിട്ടത്. നാലുവര്‍ഷമായി ലണ്ടനിലും,ദുബായിലുമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 24 ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മുഷറഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റ് വാറണ്ടുകളാണ് മുഷറഫിനെതിരെ പാക്കിസ്ഥാനിലുള്ളത്.
https://www.facebook.com/Malayalivartha