വധഭീഷണിയില്‍ പതറാതെ മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി
താലിബാന്റെ വധഭീഷണിയില്‍ പതറാതെ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. കുറച്ചു വര്‍ഷങ്ങളായി ലണ്ടനിലും,ദുബായിലുമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം പാക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടിയാണ് മാതൃരാജ്യത്ത് എത്തിയത്. അറസ്റ്റ് ഭീഷണിയെ തുടര്‍ന്ന് 2009 ലാണ് അദ്ദേഹം രാജ്യം വിട്ടത്. ബേനസീര്‍ ഭൂട്ടോ വധക്കേസ് ഉള്‍പ്പെടേയുള്ള കേസുകളില്‍ മുഷറഫ് പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കോടതി വരും ദിവസങ്ങളില്‍ കേസ് പരിഗണിക്കുമ്പോള്‍ അറസ്‌റ്റിന് സാധ്യതയുണ്ട്.
പാക്കിസ്ഥാനില്‍ കാലുകുത്തിയാല്‍ മുഷറഫിനെ വധിക്കുമെന്നാണ് താലിബാന്റെ ഭീഷണി. അതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും വീഡിയോ ദൃശ്യങ്ങളിലൂടെ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2007 ല്‍ താലിബാനെതിരെ മുഷറഫ് സ്വീകരിച്ച നടപടികളാണ് അദ്ദേഹത്തെ വധിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഭീരുക്കളുടെ ഇത്തരം പ്രസ്‌താവനകളില്‍ കുലുങ്ങുന്ന ആളല്ല താനെന്നും എന്തോക്കെ എതിര്‍പ്പുകള്‍ നേരിട്ടാലും നാട്ടില്‍ തിരിച്ചെത്തുക തന്നെ ചെയ്യുമെന്നാണ് പാക്കിസ്ഥാനിലേക്ക് തിരിക്കും മുന്‍പ് മുഷറഫ് ദുബായിയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha