സിറിയയില്‍ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെ വധിച്ചു, ഐഎസ്‌ഐഎസിന്റെ മൂന്നാമത്തെ കൊലപാതകം
ഐഎസ്‌ഐഎസ് ഭീകരര്‍ വീണ്ടും ഒരു കൊലപാതകം കൂടി നടത്തിയ വീഡിയോ ദൃശ്യം പുറത്തുവിട്ടു. സിറിയയില്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയാണ് ഐഎസ്‌ഐഎസ് ഭീകരര്‍ വധിച്ചത്. സന്നദ്ധപ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സിന്റെ തലയറുക്കുന്ന വിഡിയോ ദൃശ്യമാണ് ഭീകരരര്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഡേവിഡ് ഹെയ്ന്‍സിനെ ഐഎസ്‌ഐഎസ് തട്ടിക്കൊണ്ടുപോയത്. അമേരിക്കയെ സഹായിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന പേരിലാണ് ഐ.എസ് തീവ്രവാദികള്‍ രണ്ടു മിനിട്ടും 27 സെക്കന്‍ഡുമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ആഴ്ചകള്‍ക്കിടെ ഐ.എസ് തീവ്രവാദികള്‍ തലവെട്ടുന്ന മൂന്നാമത്തെ ആളാണ് ഹെയ്ന്‍സ്. ഐഎസ്‌ഐഎസ് ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോറ്റ്‌ലോഫ് എന്നിവരെ സമാനമായ രീതിയില്‍ നേരത്തെ വധിച്ചിരുന്നു. അന്നത്തെ വിഡിയോയില്‍ ഹെയ്ന്‍സിനെ വധിക്കുമെന്ന് ഐഎസ്‌ഐഎസ് ഭീഷണിപ്പെടുത്തിയിരുന്നു.
ഹെയ്ന്‍സിന്റെ കൊലപാതകത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടുക്കം രേഖപ്പെടുത്തി. പൈശാചികമായ കൃത്യമെന്ന് സംഭവത്തെ വിശേഷിപ്പിച്ച കാമറൂണ്‍, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha