ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് ഒബാമ
ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആഹ്വാനം. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭീകരതയിലേക്കാണ് ഭീകരര്‍ പോകുന്നത്. ഇതിനെ നേരിടാന്‍ നാല്‍പ്പതിലധികം രാജ്യങ്ങള്‍ സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിലും സിറിയയിലുമുളള ജിഹാദ് സംഘടനകളില്‍ തങ്ങളുടെ രാജ്യത്തുള്ളവര്‍ ചേരുന്നത് തടയാന്‍ രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്ന പ്രമേയത്തിനും ഐക്യരാഷ്ട്രസഭ രൂപം നല്കി. ഇത്തരം ഭീകരര്‍ക്കു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ തടയാനും പ്രമേയം ലക്ഷ്യമിടുന്നു. വിദേശ ഭീകര പ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ളതാണ് യുഎസ് കൊണ്ടുവന്ന പുതിയ പ്രമേയം.
പ്രമേയം ഐക്യകണ്ഠേന എല്ലാവരും അംഗീകരിച്ചു. തന്റെ വാക്കുകളും പ്രസ്ഥാവനകളും ഉടന്‍ തന്നെ രാജ്യങ്ങള്‍ക്കിടയിലും രാജ്യങ്ങള്‍ തമ്മിലും നടപ്പാക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. ഇത് അല്‍പ്പകാലത്തേക്ക് മാത്രമായി ഒതുങ്ങിപ്പോകരുതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha