വി.ഒ.സി പാർക്ക് കാഴ്ചബംഗ്ലാവിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
കോയമ്പത്തൂർ നഗരത്തിലെ വി.ഒ.സി പാർക്ക് കാഴ്ചബംഗ്ലാവിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ട് ദിവസം മുമ്പായിരുന്നു പ്രസവം. പിന്നീട് മുഴുവൻ കുഞ്ഞുങ്ങളെയും വനം അധികൃതർക്ക് കൈമാറിയതായി കാഴ്ചബംഗ്ലാവ് ഡയറക്ടർ ശെന്തിൽനാഥൻ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്ചബംഗ്ലാവ് അടച്ചിട്ടിരിക്കയാണ്. ജൂണിലാണ് കോയമ്പത്തൂരിലെ കോവിൽമേട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കക്കൂസിൽനിന്ന് ഗർഭിണിയായ അണലിപാമ്പിനെ പ്രഫഷനൽ പാമ്പ് പിടിത്തക്കാരന്റെ സഹായത്തോടെ പിടികൂടിയത്. തുടർന്ന് കാഴ്ചബംഗ്ലാവിന് കൈമാറുകയായിരുന്നു.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക വിഷപാമ്പാണ് അണലി. ആറുമാസക്കാലം നീളുന്ന ഗർഭകാലയളവിൽ മുട്ടകളുടെ രൂപത്തിലാണ് ഇവയുടെ കുഞ്ഞുങ്ങൾ ഉണ്ടാവുക. മുട്ടത്തോട് പോലെ കാണപ്പെടുന്ന നേരിയ ചർമം ഭേദിച്ചാണ് കുഞ്ഞുങ്ങൾ പുറത്തുവരിക. ശനിയാഴ്ച അണലി പാമ്പുകളെ കേരളാതിർത്തിയായ ആനക്കട്ടി വനത്തിൽ കൊണ്ടുവിട്ടതായി വനം അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha