പതിനാറാം വയസ്സിൽ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ യുവതി.... കടലിലെ സൂപ്പർ സ്റ്റാറുകൾ
യാത്രകളും വെല്ലുവിളികളും ചരിത്ര സംഭവങ്ങളും ഒക്കെ ഇഷ്ടപ്പെടുന്ന നിരവധി ആൾക്കാരുണ്ട്. എന്നാൽ അതിൽ വേറിട്ട ഒരു മേഖലയാണ് സമുദ്രസഞ്ചാരം. കരമാർഗം പല സ്ഥലങ്ങളിൽ നമുക്ക് യാത്ര ചെയ്യാം, ചിലപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടാലോ, സഹായത്തിനോ മറ്റ് വ്യക്തികളുടെ സഹായം ലഭിക്കും എന്നാൽ കടൽ യാത്രയയിൽ ഇത്തരം സഹായത്തിനെ പറ്റി ചിന്തിക്കുക പോലും വേണ്ട.
ഭൂമി ഉരുണ്ടതായതു കൊണ്ട് ഒരിടത്തു നിന്നും യാത്രതിരിക്കുന്ന ഒരാൾക്ക് പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്താനും എന്ന വിശ്വാസമുണ്ട്. ഇത് സാധിക്കുമെന്ന് തെളിയിച്ചതു മഗെല്ലൻ എന്ന പോർച്ചുഗീസ് നാവികന്റെ നേതൃത്വത്തിലുള്ള കപ്പൽയാത്രയാണെന്നത് നമുക്ക് അറിയാവുന്നതാണ്.
നമ്മുടെ ഭൂമിയെ പറ്റി പല പുതിയ അറിവുകളും നൽകിയത് അദ്ദേഹത്തെപ്പോലുള്ള നിരവധി സമുദ്രസഞ്ചാരികളാണ്. ആധുനിക കാലത്ത് മത്സ്യബന്ധനം മുതൽ രാജ്യാന്തര വ്യാപാരം, ശാസ്ത്രം എന്നിവ വരെയുള്ള കാര്യങ്ങളിൽ കടൽ യാത്രികർക്കു നിർണായ പങ്ക് വഹിച്ചിട്ടുണ്ട്. ഇവരെ ആദരിക്കുന്നതിനു വേണ്ടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ 2011 മുതൽ ജൂൺ 25 സമുദ്രസഞ്ചാരികളുടെ ദിനമായി ആചരിക്കുന്നത് പോലും.
‘സമുദ്രയാത്രികർക്കു നല്ലൊരു ഭാവി’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആശയം പോലും. എന്നാൽ ഇവരിൽ ഏറ്റവും ദുർഘടം പിടിച്ച വെല്ലുവിളി ഏറ്റെടുത്തത് ആരൊക്കെയാണെന്ന് അറിയുമോ? അത് കടലിലൂടെ ഭൂഗോളം ചുറ്റിയവർ തന്നെയാണ് സമുദ്രസഞ്ചാരികൾക്കിടയിലെ സൂപ്പർ സ്റ്റാർസ്. അങ്ങനെയുള്ള ചിലരെ പറ്റിയാണ് ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്നത്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ലോറ എന്ന പെൺകുട്ടിയുടെ ലോകസഞ്ചാരമാണ്. പതിനാറാം വയസ്സിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ധീരയായ യുവതിയാണ് ന്യൂസീലൻഡിൽ ജനിച്ച ലോറ ഡെക്കർ. 2010 ഓഗസ്റ്റ് 21നു യാത്ര തുടങ്ങിയ ലോറ 518 ദിവസങ്ങൾ കൊണ്ടു പ്രദക്ഷിണം പൂർത്തിയാക്കിയിരുന്നു. 2009ൽ ലോകസഞ്ചാരത്തിനു വേണ്ടി അനുമതി തേടിയപ്പോൾ കോടതി ലോറയെ വിലക്കിയിരുന്നു. പിറ്റേവർഷം മറ്റൊരു കോടതിയാണു വിലക്ക് നീക്കിയത്. ഗപ്പി എന്ന പായ്ക്കപ്പലിലായിരുന്നു ലോറയുടെ ചരിത്രപ്രസിദ്ധമായ ലോക സഞ്ചാരം നടത്തിയതും.
സമുദ്രം വഴിയുള്ള ആദ്യത്തെ ലോകപ്രദക്ഷിണം ഫെർഡിനൻഡ് മഗെല്ലന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ആ ദൗത്യം പൂർത്തിയാക്കിയത് അദ്ദേഹമായിരുന്നില്ല എന്നതാണ് ചരിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട് ആദ്യ സമുദ്രയാത്ര. ഫിലിപ്പീൻസിൽ വച്ച് തദ്ദേശവാസികളുമായുള്ള ഏറ്റുമുട്ടലിൽ മഗെല്ലൻ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. തുടർന്ന് സഹനാവികൻ യുവാൻ സെബാസ്റ്റ്യൻ എൽകാനോയാണു സ്പെയിനിൽ തിരിച്ചെത്തി സഞ്ചാരം പൂർത്തിയാക്കിയത്. 5 കപ്പലുകൾ ദൗത്യത്തിലുണ്ടായിരുന്നെങ്കിലും അതിൽ വിക്ടോറിയ എന്ന കപ്പൽ മാത്രമാണ് യാത്ര പൂർത്തിയാക്കി തീരമെത്തിയത്.
അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ, പോർച്ചുഗലിലെ സബ്രോസ ജില്ലയിൽ ജനിച്ച അദ്ദേഹം ആ രാഷ്ട്രത്തിന്റെ പല നാവിക സംരംഭങ്ങളിലും പങ്കെടുത്തെങ്കിലും ഒടുവിൽ സർക്കാരിന്റെ അപ്രീതിക്കു വിധേയനായി. തുടർന്ന് സ്പെയിനിലെ സർക്കാരിന്റെ ആശ്രയം തേടിയ അദ്ദേഹം പതിനെട്ടു വയസ്സു മാത്രമുണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ, പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലേക്ക് ജലമാർഗ്ഗം കണ്ടെത്താനുള്ള പര്യവേഷണത്തെ പിന്തുണക്കാൻ സമ്മതിപ്പിച്ചു.
ഏറെ ധനശേഷിയില്ലാതിരുന്ന സ്പെയിനിലെ യുവരാജാവായ ചാൾസ് ഒന്നാമൻ മഗല്ലന്റെ അഭ്യർത്ഥനയെ മാനിച്ച് അദ്ദേഹത്തിന്റെ സാഹസയാത്രയ്ക്കായി പഴകിത്തുരുമ്പിച്ച അഞ്ചു കപ്പലുകൾ അനുവദിച്ചു. കപ്പലുകളുടെ അവസ്ഥ അറിയാമായിരുന്നതു കൊണ്ട്, പരിചയസമ്പന്നരായ നാവികർ മഗല്ലന്റെ സംരംഭത്തിൽ പങ്കുചേരുവാൻ തയ്യാറായില്ല. ഒടുവിൽ കടൽത്തീരത്ത് തൊഴിലില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്നവരെ ചേർത്താണ് മഗല്ലൻ 280 പേരടങ്ങുന്ന തന്റെ യാത്രാസംഘം രൂപപ്പെടുത്തിയത്.
1519 സെപ്തംബർ 20-ആം തീയതി കപ്പലുകൾ ഗ്വാഡലൂക്വിവർ നദീമുഖത്തുള്ള സാൻ ലൂക്കാർ തുറമുഖത്തു നിന്ന് യാത്രതിരിച്ചു. വടക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് ശീതകാലമാകുന്നതിനു മുൻപ് തിരിച്ച് തെക്കൻ അറ്റ്ലാന്റിക്കിൽ ചൂടുകാലത്ത് എത്തിച്ചേരുവാൻ കഴിഞ്ഞെങ്കിലും 1520 മാർച്ച് ആയപ്പോൾ ദക്ഷിണസമുദ്രത്തിലെ ശീതകാലം തുടങ്ങി. അതോടെ കപ്പലുകൾ നങ്കൂരമിട്ട ശേഷം അഞ്ചു തണുത്ത മാസങ്ങൾ അവർക്ക് തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള പറ്റഗോണിയയിൽ കഴിയേണ്ടി വന്നു.
വിഷമം പിടിച്ച ആ യാത്രയിൽ മഗല്ലന്റെ പര്യവേഷകസംഘം, തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനു കുറുകേ തെക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് ശാന്തസമുദ്രത്തിലേക്കുള്ള മഗല്ലൻ കടൽപ്പാത കണ്ടെത്തി. എന്നാൽ ഫിലിപ്പീൻസിലെ സീബു ദ്വീപിന്റെ ഭരണാധികാരി മാക്ടാൻ ദ്വീപിലെ ശത്രുവിനെതിരെ നടത്തിയ യുദ്ധത്തിൽ പങ്കെടുത്ത മഗല്ലൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം പോലും കണ്ടുകിട്ടിയില്ല. അവശേഷിച്ച നാവികർ രണ്ടു കപ്പലുകൾക്കു മാത്രമേ തികയുമായിരുന്നുള്ളൂ. ഒരു കൂട്ടർ, അമേരിക്കയിലെ സ്വർണ്ണം തേടിയാവാം ശാന്തസമുദ്രത്തിൽ വന്ന വഴിയേ തിരികെപോയി.
വിക്ടോറിയ എന്ന കപ്പലിന്റെ ചുമതല ഏറ്റെടുത്ത ഹുവാൻ സെബാസ്റ്റിൻ ദെൽ കാനോ അതിനെ സുഗന്ധദ്വീപുകൾ (spice islands) കടത്തി ഇൻഡ്യൻ മഹാസമുദ്രത്തിലും ശുഭപ്രതീക്ഷാമുനമ്പ് ചുറ്റി ആഫ്രിക്കയുടെ പശ്ചിമതീരത്തും എത്തിച്ചു. കേപ്പ് വെർദേ ദ്വീപിലെത്തിയ കപ്പലിലെ നാവികരിൽ പകുതിപേരെ അവിടെയുണ്ടായിരുന്ന പോർച്ചുഗീസുകാർ ബന്ധനത്തിലാക്കി. 22 പേർ എങ്ങനെയോ രക്ഷപ്പെട്ടുപോയി. 1522 സെപ്തംബർ 8-ന് മൂന്നോളം വർഷങ്ങൾക്കു ശേഷം വിക്ടോറിയ സ്പെയിനിലെ സെവിൽ തുറമുഖത്ത് മടങ്ങിയെത്തി. യാത്ര തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന 280 പേരിൽ 18 പേർ മാത്രമാണ് ആ കപ്പലിൽ അപ്പോൾ ഉണ്ടായിരുന്നത്. മഗല്ലനിക് പെൻഗ്വിനുകൾക്ക് ആ പേര് ലഭിച്ചത് ഇദ്ദേഹത്തിൽ നിന്നാണ്.
ചരിത്രത്തിലെ ഏറ്റവും സാഹസികവും, ഭൂമിശാസ്ത്രപരമായ അറിവിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രയോജനകരവുമായ പര്യവേഷണങ്ങളിൽ ഒന്നിനാണ് മഗല്ലൻ നേതൃത്വം കൊടുത്തത്. അദ്ദേഹം ഭൂമിയ്ക്കു ചുറ്റും സഞ്ചരിച്ചു എന്നു പറയുക വയ്യ. എന്നാൽ യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു.
മഗല്ലന്റെ നേട്ടത്തിന്റെ മഹത്ത്വം ഉടനെയെങ്ങും ശ്രദ്ധിക്കപ്പെട്ടില്ല. ലോകം ചുറ്റി മടങ്ങിയെത്തിയവൻ എന്ന ബഹുമതിയാകട്ടെ 'വിക്ടോറിയ'-യുടെ കപ്പിത്തൻ ഹുവാൻ സെബാസ്റ്റിൻ ദെൽ കാനോയ്ക്ക് ലഭിച്ചു. വർഷങ്ങൾക്കുശേഷം മാഗല്ലന്റെ കപ്പലിന്റെ നാൾവഴിപ്പുസ്തകം (log book) കണ്ടു കിട്ടിയതോടെയാണ്, പര്യവേഷണത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവന തിരിച്ചറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതും.
ഇനി വേറിട്ട കുറച്ച് യാത്രകളെ പറ്റി പറയാം...
സമുദ്രത്തിലൂടെ ലോകത്തെ പ്രദക്ഷിണം ചെയ്ത ആദ്യത്തെ വനിതയാണ് ഫ്രഞ്ചുകാരിയായ ജീൻ ബാരറ്റ്. 1766-1769ൽ ലൂയിസ് അന്റോയ്ൻഡി ബൊഗൈൻവില്ലയുടെ നേതൃത്വത്തിൽ നടന്ന സമുദ്ര പര്യടനത്തിലെ അംഗമായിരുന്നു ഇവർ. പുരുഷനായി വേഷം മാറിയായിരുന്നു ബാരറ്റിന്റെ പര്യടനം. നല്ലൊരു സസ്യശാസ്ത്രജ്ഞ കൂടിയായ ബാരറ്റിന്റെ പേരിലാണ് മഡഗാസ്കറിൽ അവർ കണ്ടെത്തിയ ഒരു കുറ്റിച്ചെടി (ബാരറ്റിയ ബോണഫിഡിയ) അറിയപ്പെടുന്നത്. 2008ൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയിലെ മലനിരകൾക്കും ബാരറ്റിന്റെ പേരു നൽകി.
ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യത്തെയാളാണ് അമേരിക്കക്കാരനായ ജോഷ്വ സ്ലോകം. 1895-98 കാലയളവിൽ സ്പ്രേ എന്ന കപ്പലിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 1895 ഏപ്രിൽ 24ന് ബോസ്റ്റണിൽ നിന്നു യാത്ര തിരിച്ച അദ്ദേഹം 1898 ജൂൺ 27ന് 119 കിലോമീറ്റർ അകലെയുള്ള ന്യൂപോർട്ടിൽ തിരിച്ചെത്തി. തന്റെ യാത്രയെക്കുറിച്ച് ‘സെയ്‌ലിങ് എലോൺ എറൗണ്ട് ദ് വേൾഡ്’ എന്ന പുസ്തകവുമെഴുതി. 1909 നവംബറിൽ സ്പ്രേയിൽ തന്നെ നടത്തിയ മറ്റൊരു യാത്രയ്ക്കിടയിൽ അദ്ദേഹത്തെ കാണാതായി.
ഇംഗ്ലിഷുകാർ വീരനായും സ്പാനിഷുകാർ വില്ലനായും കരുതുന്ന നാവികനാണ് സർ ഫ്രാൻസിസ് ഡ്രേക്ക് (1540-1596). ലോകത്തെ പ്രദക്ഷിണം വച്ച ആദ്യത്തെ ഇംഗ്ലിഷുകാരനാണ് ഇദ്ദേഹം. 1577 മുതൽ 1580 വരെ നീണ്ട ഒറ്റ ദൗത്യത്തിലാണ് ഡ്രേക്ക് ലോകപ്രദക്ഷിണം നടത്തിയത്. തങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന സമുദ്രമേഖലകളിലേക്ക് കടന്നു കയറിയതാണ് ഡ്രേക്കിനെ സ്പാനിഷുകാർക്കിടയിൽ വില്ലനാക്കിയത്.
1588ൽ സ്പാനിഷ് കപ്പൽപടയെ പരാജയപ്പെടുത്തിയ ഇംഗ്ലിഷ് സേനയുടെ വൈസ് അഡ്മിറൽ ആയിരുന്നു അദ്ദേഹം. എലിസബത്ത് രാജ്ഞി സർ പദവി നൽകി ആദരിച്ച ഡ്രേക്കിനെ കടൽക്കൊള്ളക്കാരനായി പ്രഖ്യാപിക്കുകയാണ് സ്പെയിൻ രാജാവ് ചെയ്തത്. അദ്ദേഹത്തെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha