രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയാക്കേസ് കേരളത്തിലും തുടർകഥയാവുമ്പോൾ! നാടിനെ ഞെട്ടിച്ച ബലാത്സംഗങ്ങൾ..
നാം ദിവസേന വാർത്തകൾ കേൾക്കുന്നവരാണ്. കൊലയും കൊള്ളയും നിറഞ്ഞ വാർത്തകളിൽ അതോടൊപ്പം കിടപിടിക്കുന്ന തരത്തിൽ ക്രൂര ബലാത്സങ്ങൾ കൂടി ഇപ്പോൾ വർദ്ധിക്കുകയാണ്. ഇത്തരത്തിൽ നിറയുന്ന വാർത്തകൾ ഏവരേയും വരും കാലതലമുറയുടെ ഭാവിയെ കുറിച്ച് ഓർത്ത് ആശങ്കാ കുലരാക്കുന്നുണ്ട്. ഓരോ തവണയും പുരോഗതിയുടെയും വികസനത്തിന്റെയും വാർത്തകളല്ല, മറിച്ച് പെണ്ണിനെ പിച്ചിച്ചീന്തുന്ന വാർത്തകളാണ് ഇപ്പോൾ ട്രന്റിംഗ്,
അതിനു പിന്നിലുള്ള കാമവെറിയൻമാരുടെ കഥകൾ. ഇവയാണ് ഇപ്പോൾ കേരളത്തിൽ നിന്നും തുടർച്ചയായി കേൾക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളളത്തിൽ ഇപ്പോൾ നിറയെ ചെകുത്താൻമാരാണ്. കേരളത്തെ അടച്ചാക്ഷേപിക്കുകയല്ലെ എങ്കിലും ഓരോ ദിവസവും ഓരോ സ്ഥലത്തും എന്ന മട്ടിലാണ് ബലാത്സംഗ വാർത്തകൾ പുറം ലോകം കേൾക്കുന്നത്.
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം മലയാളികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. എട്ടും പോട്ടും തിരിയാത്ത പ്രായത്തിൽ ഒരു പിഞ്ചു കുഞ്ഞിനെ 3 വർഷക്കാലമാണ് ആ മഹാപാപി മൃഗീയ പീഡനത്തിന് ഇരയാക്കിയത്. ഇതൊന്നും അത്ര പെട്ടന്ന് പൊറുക്കാനാവില്ല.
ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 2012 ല്‍ ഇന്ത്യ കണ്ടത് സമാനതയില്ലാത്ത പ്രതിഷേധം. കേരളത്തില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമുദായിക സാംസ്‌ക്കാരിക നായകന്മാരും സിനിമാക്കാരുമെല്ലാം ഭിന്നതകള്‍ മറന്ന് ഒരുമിച്ച് പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
നിര്‍ഭയാ കേസിന് പിന്നാലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ തുടരുകയാണ്.
എന്നാല്‍ സമാനഗതിയില്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെ കണ്ടെത്താന്‍ പോലും കഴിയാതെ പോലീസ് വലയുകയാണ്. കോഴിക്കോട് കേസില്‍ രണ്ടു പ്രതികളെ പിടിക്കാന്‍ കഴിഞ്ഞത് നിര്‍ണ്ണായകമായ നേട്ടമാണെങ്കിലും സംഭവം നടന്ന് നാലു ദിവസമായിട്ടും പ്രതികളില്‍ ഒരാള്‍ ഒളിവില്‍ തന്നെയാണ് കഴിയുന്നത്.
ഗോപീഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് പിടിയിലായത്. ഇനി പിടിയിലാകാനുള്ള ഇന്ദീഷ് 2003ല്‍ കാരന്തൂരില്‍ മൂന്നു പേരെ കൊന്ന കേസിലെ പ്രതിയാണ് എന്ന വിവരമാണ് കേൾക്കുന്നത്.
കോഴിക്കോട്ടെ സംഭവം ഇങ്ങനെയായിരുന്നു.രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെ കോഴിക്കോട് കേസ് ഓര്‍മ്മിപ്പിക്കുന്നു.
കോഴിക്കോട്ട് ഞെട്ടിക്കുന്ന സംഭവം നടന്നത് ഞായറാഴ്ചയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ യുവതിയെ വഴിയില്‍ വച്ച് പരിചയപ്പെട്ട യുവാക്കള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയൂം ഒരു ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ബസിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് വീടിന് സമീപത്തെ വഴിയില്‍ കൊണ്ടുപോയി ഇറക്കി വിടുകയുമായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് പെണ്‍കുട്ടിയ കയറ്റിയ ശേഷം ഗോപീഷ്, ഇന്ദീഷ് എന്നിവരായിരുന്നു ആദ്യം പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി.
പ്രതികള്‍ മദ്യപിച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു. ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ബസിനകത്ത് വെച്ചും പുറത്തുവെച്ചും അതിക്രമം നടതതിയെന്നാണ് പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ഇതിന് ശേഷം വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികള്‍ പണവും നല്‍കി. പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ട ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയിട്ടും അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അമ്മ വിവരം ചോദിച്ചറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
പരാതി നല്‍കിയതോടെ സംഭവത്തിന്റെ സമയവും മറ്റും മനസിലാക്കിയ പോലീസ് സിസിടിവികള്‍ പരിശോധിക്കുകയും പെണ്‍കുട്ടിയെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടു പോകുന്നതിന്റെ ദൃശ്യം കണ്ടെത്തുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. യുവതിയെ വൈദ്യ പരിശോധന നടത്തി. ബസില്‍ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
ഡല്‍ഹിയിലെ സംഭവം
എട്ടു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന സംഭവത്തോട് സമാനതകള്‍ വരുന്നതാണ് കോഴിക്കോട് സംഭവവും. ഡല്‍ഹിയില്‍ സുഹൃത്തുമൊത്ത് സെക്കന്‍ഡ്‌ഷോ കണ്ടു മടങ്ങുമ്പോഴായിരുന്നു യുവതിയും സുഹൃത്തും ആക്രമണത്തിന് ഇരയായത്. രാത്രി 9.30 യോടെ താമസ സ്ഥലത്തേക്ക് പോകുന്ന ബസില്‍കയറിയ ഇരുവരും ബസിലുണ്ടായിരുന്ന ആറുപേരുടെ ആക്രമണത്തിന് ഇരയായി.
സുഹൃത്തിനെ അടിച്ചു ബോധം കെടുത്തിയ ശേഷം യുവതിയെ ക്രൂരമായ പീഡനത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയാക്കി. വഴിയില്‍ വലിച്ചെറിയുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ശേഷം 11 മണിയോട് അര്‍ദ്ധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ യുവതി ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി.
സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ പോലീസിന്റെ കണക്കുകള്‍
കേരളാ പോലീസിന്റെ ക്രൈം റെക്കോഡ്‌സ് പ്രകാരം സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ ജൂലൈ വരെയുള്ള കാലയളവില്‍ 5,208 ആണ്. മെയ് വരെ ബലാത്സംഗക്കേസുകള്‍ 886 മാത്രം. പീഡന ക്കേസുകള്‍ 1437, തട്ടിക്കൊണ്ടു പോകലുകള്‍ 75, ശല്യപ്പെടുത്തലുകള്‍ 149, ഭര്‍ത്തൃപീഡനം 1159, മറ്റു കുറ്റകൃത്യങ്ങള്‍ 1502 എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം ഏറെ കൗതുക കരം സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ടേ ചെയ്തിട്ടില്ല എന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് ബലാത്സംഗ ക്കേസുകളില്‍ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗക്കേസുകള്‍ 1807 ആയിരുന്നു. 2020 ല്‍ 1807, 2019 ല്‍ 2076, 2018 ല്‍ 2005, 2017 ല്‍ 2003, 2016 ല്‍ 1656 എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്ക്. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. അതേസമയം കേരളത്തില്‍ ബലാത്സംഗം കുറവ് കാണിക്കുന്നതിന്റെ കാരണം പോലീസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന രീതി കൊണ്ടാണെന്നാണ് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ പറയുന്നത്.
ബലാത്സംഗ കേസുകളില്‍ പോലീസ് അതിന് നല്‍കുന്ന നിര്‍വ്വചനങ്ങള്‍ കാരണം പലതും കേസില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ബലാത്സംഗത്തിന്റെ പരിധിയില്‍ പെടാത്തതും അതിന് സമാനമായ മാനസീക വ്യാപാരത്തിലേക്ക് ഇരയെ കടത്തിവിടുന്നതുമായ മോളസ്‌റ്റേഷന്‍ വിഭാഗത്തില്‍ പറയുന്ന കുറ്റകൃത്യങ്ങളും റേപ്പിന്റെ പരിഗണനയില്‍ തന്നെ പെടുത്തി കാണണമെന്ന് സോഷ്യല്‍ സൈക്കോളജിസ്റ്റും നിര്‍ഭയാ കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയുമായ മിനി മോഹന്‍ പറയുന്നു.
കേരളാപോലീസിന്റെ വെബ്‌സൈറ്റില്‍ സ്ത്രീധനമരണം ഒരെണ്ണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് കാരണം സമാന രീതി കൊണ്ടാണെന്നും പറയുന്നു. ഗാര്‍ഹീക പീഡനത്തിന്റെ പട്ടികയില്‍ പെടുത്തി സ്ത്രീധനത്തെ കുട്ടികള്‍ക്ക് നല്‍കിയ സമ്മാനം എന്ന നിലയില്‍ കണക്കാക്കുമ്പോള്‍ അത് സ്ത്രീധന കുറ്റകൃത്യത്തിന്റെ പരിധിയില്‍ എത്താതെ വരുമെന്നും മിനിമോഹന്‍ ചൂണ്ടിക്കാട്ടുന്നു
പ്രയോജനപ്പെടാതെ പോകുന്ന നിര്‍ഭയാ സ്ഥാപനങ്ങള്‍
നിര്‍ഭയ കേസുകളുമായി ബന്‌പ്പെട്ട് ബലാത്സംഗ ഇരകളെ സംരക്ഷിക്കാന്‍ രൂപീകരിച്ച നിര്‍ഭയാ ഹോമുകള്‍ ഇപ്പോള്‍ നിശ്ചലമായ അവസ്ഥയിലാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലാകേന്ദ്രങ്ങള്‍ക്ക് പകരം ഏകീകൃത കേന്ദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്നോക്കം പോകാനുള്ള പ്രവണത കാട്ടുന്നതിനാലാണെന്നാണ് വിമര്‍ശനം. ജില്ലാ തലങ്ങളില്‍ നിന്നും ഏകീകൃത സെന്ററിലേക്ക് മാറ്റപ്പെടുമ്പോള്‍ ഇരയുടെയും കേസുകളുടെയും സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വരുമെന്നും മിനിമോഹന്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ നിര്‍ഭയാ കേന്ദ്രത്തിലെ കുട്ടികളുടെ ഭക്ഷണചെലവ് സബ്മിറ്റ് ചെയ്ത ശേഷമേ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കു. ചെലവുകള്‍ക്ക് പണമില്ലാതെ വരുന്നത് പുറത്ത് നിന്നും പണം സ്വീകരിക്കാനും ഇരകള്‍ ബന്ധുക്കളുടെയും മറ്റും സ്വാധീനത്തില്‍ പെട്ടു പോകാന്‍ കാരണമാകുമെന്നും കേസിന്റെ സുരക്ഷയെ തന്നെ ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ഇത്തരം കേസുകളില്‍ വിചാരണകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകുന്നത് പ്രതികളെ സഹായിക്കാനെന്ന പോലെ ആകുമെന്നും പറയുന്നു. ട്രാഫിക് വയലന്‍സ് പോലെയുള്ള പെറ്റി കേസുകള്‍ വേഗത്തില്‍ ചെയ്യുന്ന സര്‍ക്കാര്‍ ബലാത്സംഗം പോലെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രൊസീജിയര്‍ സാവധാനത്തിലാണ് ചെയ്യുന്നതെന്നും പറയുന്നു.
നിയമം ശക്തമാക്കിയെങ്കിൽ മാത്രമേ ബലാത്സംഗക്കേസുകൾ ഇല്ലാതാക്കാനാകൂ. ശക്തമായ നിയമത്തിനൊപ്പം അതു നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള ഭരണസംവിധാനം കൂടി വേണം. പൊലീസിന്റെ താഴെത്തട്ടിലും മാറ്റമുണ്ടാവണം. പരാതിയുമായി ചെല്ലുന്നവരെ ഭയപ്പെടുത്തുന്ന പൊലീസ് സ്റ്റേഷൻ സംവിധാനം മാറണം. പ്രതി പ്രബല വിഭാഗത്തിൽപ്പെടുന്നയാളും മേൽജാതിക്കാരനും അധികാരവും സമ്പത്തുമുള്ളയാളാണെങ്കിലും, പരാതിപ്പെട്ടാൽ നീതി ലഭിക്കുമെന്ന വിശ്വാസം പെൺകുട്ടികൾക്കുണ്ടാകണമെങ്കിൽ ശക്തമായ നിയമങ്ങളും അതു നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള ഭരണസംവിധാനങ്ങളും വേണം.
https://www.facebook.com/Malayalivartha