രത്നവ്യാപാരിയുടെ വീടിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെ കണ്ടെത്തിയത് 646 കോടി രൂപ വിലമതിക്കുന്ന ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ...
രത്നങ്ങൾക്ക് പേരുകേട്ട ശ്രീലങ്കയിലെ രത്നപുര പ്രദേശത്ത് ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം കണ്ടെത്തി. ഒരു രത്നവ്യാപാരിയുടെ വീടിനു സമീപത്തായി കിണർ കുഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രത്നശേഖരം കണ്ടെത്തിയത്.
ഇളംനീല നിറത്തിലുള്ള വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാൾ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയ വലിയ നക്ഷത്ര ഇന്ദ്രനീല കല്ലിന് 510 കിലോഗ്രാം ഭാരമാണുള്ളത്. രാജ്യാന്തര മാർക്കറ്റിൽ ഈ അമൂല്യ ശേഖരത്തിന് 646 കോടി രൂപ വിലമതിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. സെറന്റിപിറ്റി സഫയർ എന്നാണ് നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേരു നൽകിയിരിക്കുന്നത്. ശേഖരം കണ്ടെത്തിയ ഉടൻ തന്നെ ഉടമസ്ഥൻ അധികൃതരെ വിവരമറിയിച്ചിരുന്നു.
മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നതിനാൽ സമയമെടുത്ത് വൃത്തിയാക്കിയ ശേഷമാണ് ശേഖരം പരിശോധനയ്ക്കും സർട്ടിഫിക്കേഷനുമായി സമർപ്പിച്ചത്. വൃത്തിയാക്കുന്ന സമയത്ത് ഏറെ ശ്രദ്ധ പുലർത്തിയിരുന്നുവെങ്കിലും ഇന്ദ്രനീല കല്ലുകളിൽ ചിലത് അടർന്നു വീഴുകയും ചെയ്തു. ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാവാം ഈ ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്സ വിശദീകരിച്ചു. ബിബിസിയാണ് ഈ വാർത്തയുടെ വിശദ വിവരങ്ങൾ പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha