സന്തോഷവതിയായി പരീക്ഷയ്ക്ക് ഇറങ്ങിയ മകൾ ഛർദ്ദിച്ച് അവശയായി ആശുപത്രിയിൽ: കിഡ്നിയുടെ പ്രവർത്തനം നിലച്ചു: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളിൽ വിഷം:- ആത്മഹത്യ ചെയ്യില്ലെന്ന് സഹപാഠികൾ:- കോതമംഗലത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത....
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് സൂചന. കോതമംഗലം പത്താംക്ലാസ് വിദ്യാർത്ഥിനി അശ്വതി സിമിലേഷിന്റെ മരണത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. കുട്ടി മരണപ്പെട്ടത് വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമായതോടെ അശ്വതിയുടെ മരണം സംബന്ധിച്ച് ദുരൂഹതകളും ഉയർന്നിരിക്കുകയാണ്. അശ്വതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അശ്വതിയുടെ സഹപാഠികൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നതും.
മാതിരപ്പിള്ളി ഗവണ്‍മെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വതി. സ്കൂളിൽ വച്ച് ഛർദ്ദിച്ചതിനെ തുടർന്ന് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അശ്വതി മരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ കാര്യക്ഷമമായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നു രാവിലെ സ്‌കൂളില്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് അശ്വതിയ്ക്ക് ഛര്‍ദി അനുഭവപ്പെട്ടത്. ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് കുട്ടിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആരോഗ്യനില ഗുരുതരമായതിനാൽ അവിടെ നിന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾത്തന്നെ കുട്ടി അവശനിലയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ ഉടൻതന്നെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ പരിശോധനയിൽ കിഡ്‌നി ഉള്‍പ്പടെ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതായി കണ്ടെത്തിയിരുന്നു. അശ്വതി വീട്ടിൽ നിന്ന് സന്തോഷവതിയായിട്ടാണ് പരീക്ഷയെഴുതാൻ പോയതെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു.
വിഷം എങ്ങനെ അശ്വതിയുടെ ശരീരത്തിൽ എത്തിയെന്നുള്ള വിവരമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അശ്വതിയുടേത് ആത്മഹത്യയായിരിക്കില്ലെന്ന സഹപാഠികളുടെ വെളിപ്പെടുത്തലും അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. സ്കൂളിൽ എത്തുന്നതിനിടയിലാണ് കുട്ടിയുടെ ശരീരത്തിൽ വിഷാംശം പ്രവേശിച്ചതെന്ന സൂചനകളാണ് അന്വേഷണ സംഘം തരുന്നതും. കുട്ടമ്പുഴ സ്വദേശി കറുകടത്ത് വാടകക്ക് താമസിക്കുന്ന മറ്റനായില്‍ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകളാണ് അശ്വതി.
നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു അശ്വതി. പെൺകുട്ടിയുടേത് ആത്മത്യാണെന്ന സംശയമുയർന്നിരുന്നെങ്കിലും സാഹചര്യത്തെളിവുകൾ അതിന് യോജ്യമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
https://www.facebook.com/Malayalivartha