അരിക്കൊമ്പന്‍ തമിഴ്‌നാട് ജനവാസ മേഖലയില്‍: കോളറില്‍ നിന്നുമുള്ള സിഗ്നലുകള്‍ വീണ്ടും നഷ്ടമായി:- പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിർദ്ദേശം
അരിക്കൊമ്പന്റെ കോളറില്‍ നിന്നുമുള്ള സിഗ്നലുകള്‍ വീണ്ടും നഷ്ടമായി. മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ജനവാസ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തിയത്. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്‌നാട് വനമേഖലയില്‍ തുടരുകയാണ് നിലവില്‍ അരിക്കൊമ്പന്‍.
മണലൂര്‍ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക. മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പന്റെ തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അവിടെനിന്ന് വെള്ളം കുടിച്ചശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത തമിഴ്‌നാട്ടിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ വിവരണങ്ങളും ഫോട്ടോയും പത്രത്തിലുണ്ട്. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതില്‍ തകര്‍ത്തതായാണ് വാര്‍ത്ത. അരിക്കൊമ്പനെ ഈ മേഖലയില്‍ കാണുന്നതിനിടെ തന്നെയാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. മേഘമല ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മേഘമലയ്ക്കു താഴെ ലയം പോലെയുള്ള ഒരു കോളനിയാണ്. നിരവധി പേര്‍ അവിടെ താമസിക്കുന്നുണ്ട്. രാത്രിയില്‍ അവിടെ ഒരു ആന നാശം വിതച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് അരിക്കൊമ്പനാണോ എന്നതില്‍ സ്ഥിരീകരണമില്ല. തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ട്. റേഡിയോ കോളറില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേരളവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആനയെ തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത് കൊണ്ടുവിട്ടതിനെതിരേ നേരത്തേതന്നെ തമിഴ്‌നാട് എതിര്‍പ്പുന്നയിച്ചിരുന്നു.
റേഡിയോ കോളര്‍ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ അരിക്കൊമ്പന്‍ കേരളാ ഭാഗത്തേക്ക് തന്നെ വന്നിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ തമിഴ്‌നാട് മേഖലയിലേക്കു പോയ ശേഷമാണ് തിരികെ വന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ തമിഴ്‌നാട് മേഖലയില്‍നിന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു. നാലുദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. അരിക്കൊമ്പനെ പേടിച്ച് തമിഴ്‌നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും ജാഗ്രതയിലാണ്. തമിഴ്‌നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ മൂന്നാം തവണയാണ് അരിക്കൊമ്പനെത്തിയത്.
ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറക്കുറെ സമാനമാണ്.
ഈ ഭാഗത്തെ വനത്തിൽ നിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ പ്രകാരം അരിക്കൊമ്പൻ ഇന്നലെ പകൽ പെരിയാർ വന്യജീവി സങ്കേതത്തിലായിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ മണലാറിനും ഇരവിങ്കലാറിനും ഇടയിൽ ഉള്ളതായാണു സിഗ്‌നൽ.
https://www.facebook.com/Malayalivartha